Home Editorialഇതാണോ ലോകം കാണേണ്ട രാജ്യത്തിന്റെ മിടുക്ക്?

ഇതാണോ ലോകം കാണേണ്ട രാജ്യത്തിന്റെ മിടുക്ക്?

by news_desk1
0 comments

വൈകാരികതയെ പിൻപറ്റി യാഥാർഥ്യത്തെ മറക്കുന്ന വാക്കുകളാണ് രാജ്യസഭയിൽ ഇന്നലെ പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം കേട്ടത്. തികച്ചും രാഷ്ട്രീയപരമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മറുപടിയായി നടത്തിയ മോദിയുടെ നന്ദി പ്രസംഗം. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറയാൻ ശ്രമിച്ച മോദി പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും അവസരം നന്നായി ഉപയോഗിച്ചു. എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുന്നു ഇന്ത്യ നിരന്തരം ചെറുപ്പമാകുന്നു. ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും സാമ്പത്തിക രംഗത്ത് വലിയ വികസനമാണ് കൈവരിച്ചതെന്നും മോദി പറഞ്ഞുവെക്കുന്നു. ഇതോടൊപ്പം തന്നെ കോൺഗ്രസ് ഭരണകാലത്ത് ചെയ്തു വച്ച തെറ്റുകൾ ബി.ജെ.പി സർക്കാർ തിരുത്തുകയാണെന്നുമുള്ള അവകാശവാദവും പ്രധാനമന്ത്രി ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന് ആസാം ജനതയോട് വെറുപ്പാണെന്നും. തൃണമൂൽ കോൺഗ്രസ് നുടഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതായും മോദി രാജ്യസഭയിൽ പ്രസംഗിച്ചു.

എസ്.ഐ.ആർ നടപടികൾക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോടതി സമീപിച്ച രൂക്ഷമായ പരിഹസിച്ച പ്രധാനമന്ത്രി കോടതി ഇപ്പോൾ വലിയ സമ്മർദ്ദത്തിൽ ആണെന്നും സൂചിപ്പിച്ചു. മേൽത്തട്ടിന്റെ മാത്രം വളർച്ച കാണുന്ന ഒരു ഭരണാധികാരിയുടെ വാക്കുകളാണ് രാജ്യസഭയിൽ കേട്ടത്. അടിസ്ഥാന വിഭാഗത്തിന്റെ പൊള്ളുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് യാതൊരുവിധ ധാരണയുമില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സാമ്പത്തികമായും സാമൂഹികമായും ഭാരതം അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ഇവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് സ്വയം വരുത്തി തീർക്കുക മാത്രമാണ് മോദിയും കൂട്ടരും ചെയ്യുന്നത്. ആദരണീയനായ പ്രധാനമന്ത്രി ലോകം ഏറ്റവും കൂടുതൽ അറിയുന്നതും കാണുന്നതും ഇന്ത്യയിലെ വംശഹത്യയും മതഭീകര കലാപങ്ങളും വർഗീയ സംഘടനകളും ആണ്. അതിനു പരിഹാരം കാണാൻ അതിൽ നിങ്ങളുടെ ഭരണത്തിന്റെ മിടുക്ക് പ്രകടിപ്പിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല. നുഴഞ്ഞുകയറ്റക്കാരെ തൃണമൂൽ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് മോദി പറയുന്നത്.

കഴിഞ്ഞദിവസം പാർലമെന്റിൽ രാഹുൽഗാന്ധി ചൈന നുഴഞ്ഞുകയറ്റ സമയത്ത് പ്രതിരോധമന്ത്രി യുക്തി പോലെ ചെയ്യൂ എന്ന് കരസേന മേധാവി നരവനയോടെ പറഞ്ഞുവെന്നുള്ള അദ്ദേഹത്തിന്റെ ഓർമ്മ പുസ്തകത്തിലെ പരാമർശത്തെക്കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെ മൈക്ക് ഓഫ് ചെയ്ത ഭരണത്തിന്റെ നായകനാണ് മോദി. അത് ശരിയല്ലെങ്കിൽ രാഹുൽ പറഞ്ഞത് കള്ളമാണെങ്കിൽ എന്തുകൊണ്ടാണ് നന്ദി പ്രസംഗത്തിൽ അതിൽ വ്യക്തത വരുത്താൻ പ്രധാനമന്ത്രി തയ്യാറാക്കാതിരുന്നത്. ദുർബലമായ വാദങ്ങൾ നിരത്തി വസ്തുതകളെ പാഴ്മുറം കൊണ്ട് മറയ്ക്കാനാണ് മോദി ശ്രമിക്കുന്നത്. സർക്കാർ സമയബന്ധിതമായി ഇടപെട്ടിരുന്നുവെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന പകുതി പ്രശ്നങ്ങൾക്കും പരിഹാരം കാണാമായിരുന്നു. അതിലൊന്നും തയ്യാറാകാതെ സാമ്രാജ്യം കത്തിയെരിക്കുമ്പോൾ വീണ വായിച്ച ചക്രവർത്തിയെ പോലെ പ്രധാനമന്ത്രി കസേരയിൽ അഗാധമായ മൗനത്തിൽ കഴിഞ്ഞപ്രധാനമന്ത്രി അല്ലേ നിങ്ങൾ.

ജനാധിപത്യത്തെ വിറ്റുതുലയ്ക്കുന്നവർക്ക് ജനാധിപത്യത്തിൻറെ ജീവനായ വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ അസ്വസ്ഥത തോന്നാത്തത് സ്വാഭാവികമാണ്. പക്ഷേ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും സാഹോദരത്വത്തിന്റെയും ജനിതകം ഉള്ളിൽ പേറുന്ന മമതാ ബാനർജിയെ പോലെയുള്ള ജന നേതാക്കൾക്ക് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. അധികാരകേന്ദ്രങ്ങൾ ഏകാധിപത്യ കേന്ദ്രങ്ങൾ ആകുമ്പോൾ മൗനം സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യമാകുമ്പോൾ, പ്രതിരോധമാകാൻ പ്രതിഷേധം ആകാൻ ഭരണഘടനയും കയ്യിലെടുത്ത് മമതാ ബാനർജിയെ പോലെയുള്ള മുഖ്യമന്ത്രിമാർ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ ഇനിയും തെരുവിലിറങ്ങി സമരം ചെയ്യും, കോടതിയിൽ പോരാടും. കാരണം അവരെല്ലാം ഈ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പൗരന്റെ മൗലിക അവകാശമായ ഓട്ടവകാശത്തെ കവർന്നെടുക്കുമ്പോൾ മാപ്പർഹിക്കാത്ത തെറ്റിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയും സർക്കാരും മറുപടി പറഞ്ഞേ മതിയാകു. സ്വന്തം രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക പ്രതിരോധ മേഖലകളിലെ സുപ്രധാനമായ തീരുമാനങ്ങൾ പോലും മറ്റൊരു ഭരണാധികാരി പ്രഖ്യാപിക്കുന്നതിലേക്ക് സ്വതന്ത്ര ഭാരതത്തെ എത്തിച്ചതിലും വലിയ മിടുക്കൊന്നും ഇന്ത്യക്ക് ഇതുവരെ നേടാനായിട്ടില്ല.

You may also like