സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി നിലനിർത്തുന്നതിനും ജോലിസമയം കൂട്ടുന്നതും സംബന്ധിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർവീസ് സംഘടന നേതാക്കളുടെ ഓൺലൈൻ യോഗത്തിൽ അംഗീകാരമായത് സ്വാഗതാർഹമാണ്. കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അവകാശ അധികാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നാട്ടിലെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹം മാനസികമായ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ സ്വസ്ഥമായി ജോലി ചെയ്യേണ്ടത് നാടിൻ്റെ ആവശ്യമാണ്. തീർച്ചയായും ഔദ്യോഗികമായും വ്യക്തിപരമായുമുള്ള അവരുടെ നന്മ തിന്മകൾക്കൊപ്പം ഈ നാട് കൂടെ ചേരേണ്ടതും ഉണ്ട്. 5 പ്രവർത്തി ദിനങ്ങളെന്ന തീരുമാനം സർവീസ് സംഘടനകൾ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. പ്രവർത്തി സമയം വർധിപ്പിക്കുന്ന കാര്യത്തിലും സമാനമായ നിലപാട് തന്നെയാണ് സർവീസ് സംഘടനകൾ സ്വീകരിച്ചത്.
എന്നാൽ പൊതുഅവധിയും കാഷ്വൽ ലീവും വെട്ടിച്ചുരിക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ യോഗത്തിൽ നിലപാടെടുത്തു. അതിന് അംഗീകരിക്കുന്ന രീതിയിൽ തന്നെയാണ് യോഗത്തിൽ സർക്കാർ പ്രതികരിച്ചത്. എല്ലാത്തരം സൗകര്യങ്ങളും മാറ്റങ്ങളും ഔദ്യോഗികതലത്തിൽ ഉദ്യോഗസ്ഥർക്ക് അനുവദിച്ചു കിട്ടുമ്പോൾ അവരുടെ പ്രവർത്തനശൈലിയിലും മനോഭാവത്തിലും കാതലായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യയും സാമൂഹിക സാഹചര്യവും വലിയ പുരോഗതിയിലേക്ക് വഴി തിരിഞ്ഞിട്ടും കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദിവസേന ഓരോ കാര്യങ്ങൾ നടത്തിയെടുക്കുന്നതിന് പൊതുജനം അലയേണ്ട സ്ഥിതിയാണ്. ഓൺലൈൻ സേവനങ്ങളുടെ ഭാഗമായി കൊണ്ടുവന്ന കെ സ്മാർട്ട് അടക്കമുള്ള മാർഗങ്ങളുടെ ഗുണഭോക്താക്കളാവാൻ സാധാരണ ജനത്തിന് ഇതുവരെ അവസരം ഉണ്ടായിട്ടില്ല.
പരസ്യമായി പറഞ്ഞാൽ ഇന്നലകളിലെ പഴഞ്ചൻ രീതിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇന്ന്, നാളെ എന്നിങ്ങനെ നീണ്ട് നീണ്ട് ജനങ്ങളുടെ ചെരുപ്പ് തേഞ്ഞു തീരുകയാണ്. എന്തുകൊണ്ടാണ് ഇതിൽ നിന്നൊരു മോചനം സാധ്യമല്ലാത്തത്. പുരോഗതി, മാറ്റവും അവകാശങ്ങളും എല്ലാവർക്കും ഒരുപോലെ യാണ് ലഭിക്കേണ്ടത്. ഒരിടത്ത് മാത്രം അല്ലെങ്കിൽ ഒരു കൂട്ടർക്ക് മാത്രം സകലതും നടത്തി കിട്ടുന്നതായിട്ടുള്ള സാഹചര്യം ജനാധിപത്യപരമല്ല. അത് ഏകാധിപത്യമാണ്. അവധികളെടുക്കുകയും, കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി സർക്കാർ ജീവനക്കാർക്കും കഴിയേണ്ടതുണ്ട്. പക്ഷേ, ജനങ്ങളുടെ നികുതിപണം ശമ്പളമായി പറ്റുന്ന ജീവനക്കാർ മനോനിലയിൽ കൂടി മാറ്റങ്ങൾ വരുത്താൻ ഈ കാലത്തും ശ്രമിക്കുന്നില്ലെന്നതാണ് കാണാനാവുന്നത്. സേവനം അവകാശമാക്കിയ നാട്ടിൽ ഇന്നും സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനത്തിനോടുള്ള സർക്കാർ ജീവനക്കാരുടെ പെരുമാറ്റവും സേവനം നൽകുന്നതിലെ കാലതാമസവും ചെറുതല്ല.
ഇപ്പോഴും വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം അത് സാക്ഷ്യപ്പെടുത്തുന്നതാണ്. ന്യൂനപക്ഷം വരുന്ന ആളുകൾ മാത്രമാണ് ഈ നിലയിലെങ്കിലും എല്ലാവരെയും ബാധിക്കുന്നതാണ് ആക്ഷേപം. പ്രവൃത്തിദിനം അഞ്ചാക്കാനെടുക്കുന്ന ആവേശം, തങ്ങൾ സേവനത്തിലും മുമ്പന്തിലുണ്ടാവുമെന്ന് പ്രഖ്യാപിക്കുകയും അത് പ്രവൃത്തിയിൽ കാണിച്ച് തരികയുമാണ് വേണ്ടത്. മുഖം തിരിഞ്ഞ് നിൽക്കുന്ന സഹപ്രവർത്തകരോട് അംഗീകരിക്കാനാവില്ലെന്നും തൊഴിൽ എടുക്കണമെന്നും കർശനമായി ആവശ്യപ്പെടണം. അങ്ങനെ പൊതുജനപ്രിയരായി നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ മാറുമ്പോൾ നമ്മുടെ സർക്കാർ ഓഫീസുകൾ ജനകീയമാകുമ്പോൾ എത്ര സുഖകരമാണ്. അതു കൊണ്ടു തന്നെ സർക്കാരുകളെ സമ്മർദത്തിലാക്കി അവകാശത്തിന് വേണ്ടിയുള്ള ശ്രമം നടക്കുമ്പോൾ മനോനിലയിൽ മാറ്റം വരുത്തുമെന്ന് കൂടി പ്രഖ്യാപിക്കണം.
ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥത പ്രകടിപ്പിക്കേണ്ടത് രജിസ്റ്ററിൽ ഒപ്പിട്ടു നടത്തുന്ന സംഘടന പ്രവർത്തനത്തിലൂടെയല്ല മുന്നിലിരിക്കുന്ന ചുവപ്പു നാടകൾ അഴിക്കുന്നതിലൂടെയാണെന്ന് കേരളത്തിൻ്റെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. പരിഭവങ്ങൾ ഒന്നും പറയാതെ അധ്വാനിക്കുന്ന പണത്തിൽ ജനം നികുതി നൽകുന്നത് കൊണ്ട് കൂടിയാണ് ശമ്പളം ലഭിക്കുന്നത് എന്നുള്ള തിരിച്ചറിവും മനുഷ്യത്വവും സർക്കാർ ഉദ്യോഗസ്ഥരിൽ രൂപം കൊണ്ടാൽ ജനം നാടിനും സർക്കാരിനൊപ്പം ഹൃദയപൂർവ്വം കൂടെ നിൽക്കും.

