Home Editorialസുധാകരൻ സി.പി.എമ്മിനെ തിരുത്തുമോ?

സുധാകരൻ സി.പി.എമ്മിനെ തിരുത്തുമോ?

by news_desk1
0 comments

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം വിശ്രമമില്ലാത്ത പോരാട്ടമാണെന്ന് തെളിയിച്ച യഥാർഥ സഖാക്കളിൽ ഒരാളാണ് ജി.സുധാകരൻ. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച മുറിവിൽ ഉയർത്തെഴുന്നേറ്റ് ആ ചോരപുരണ്ട ചെങ്കൊടി ആലപ്പുഴയുടെ പെരുമാറിലൂടെ ഉച്ചത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ഉയർത്തിപ്പിടിച്ച് വളർന്നുവന്ന നേതാവായ സുധാകരന് കമ്മ്യൂണിസം വെറുമൊരു വാക്കല്ല ഹൃദയത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം നിന്ന് സുധാകരനെ കേരളം പ്രിയപ്പെട്ട സഖാവായി ബഹുമാനിക്കുന്നത്. ആലപ്പുഴയുടെ ചുവന്ന മണ്ണ് സൃഷ്ടിച്ചെടുത്ത വിപ്ലവ പോരാളികളിൽ രാഷ്ട്രീയത്തിന്റെ ചൂടും കയ്പ്പും അറിഞ്ഞു അനുഭവിച്ചു എസ്.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി മാറി പിന്നീട് അങ്ങോട്ട് സംസ്ഥാനത്തിന്റെ ദേവസ്വം പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവിനെ അവഗണിക്കാൻ മനപ്പൂർവമായ ഒരു ശ്രമം സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ എന്നുള്ള സംശയം രാഷ്ട്രീയ മണ്ഡലത്തിൽ പൊതുവെ ഉണ്ട്.

ഒരിക്കലും മാറ്റിനിർത്താൻ പാടില്ലാത്ത പാർട്ടിക്കപ്പുറം ഇപ്പുറം സകലതും അവസാനിപ്പിക്കേണ്ടതായ പ്രശ്നത്തെ അല്ലെങ്കിൽ തെറ്റിദ്ധാരണകളെ ഊതി വീർപ്പിച്ച് പലർക്കും തട്ടി കളിക്കാനുള്ള ബലൂൺ ആക്കി മാറ്റിയത് ആരു തന്നെയായാലും അവർ ഒരിക്കലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മിത്രങ്ങളല്ലാ ശത്രുക്കൾ തന്നെയാണ്. സത്യസന്ധവും കർമ്മനിരതവുമായ പ്രവർത്തന പാരമ്പര്യത്തെ പാർട്ടിയും സഖാക്കളും അപഹസിക്കുന്നു എന്ന ഘട്ടത്തിലാണ് ജി. സുധാകരൻ പരസ്യമായ പ്രതികരണത്തിലേക്ക് നീങ്ങിയത്. പക്ഷേ അവിടെയും പാർട്ടിയെ തള്ളിപ്പറയുന്നില്ല. ഇനി സ്വതന്ത്രനായി നിലനിൽക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി തന്നെ മത്സരിക്കുമെന്ന് പറഞ്ഞുവെക്കുമ്പോൾ കേരളം എന്തു മനസിലാക്കണം.

തെറ്റുപറ്റിയത് ജി. സുധാകാരനോ പാർട്ടിയ്ക്കോ. ആലപ്പുഴ ജില്ലയിൽ പാർട്ടിയിൽ കാലങ്ങളായി തുടരുന്ന കലഹത്തിന്റെ കൂടി ഭാഗമായി ജി. സുധാകരൻ എന്ന നേതാവ് അവിടെ ടാർഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ? അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരിൽ ജി. സുധാകരനെ പരസ്യമായി വിമർശിക്കാനും ശാസിക്കാനും തിടുക്കം കാണിച്ചതെല്ലാം അതിന്റെ ഭാഗമാണോ. മഞ്ഞും മഴയും വെയിലും കൊണ്ട് പ്രസ്ഥാനത്തിന്റെ കൊടിപിടിച്ച് തെരഞ്ഞെടുപ്പുകളിലെ പാർട്ടി സമ്മേളനങ്ങളിലും സുധാകരനെ സിന്ദാബാദ് വിളിച്ച് സഖാക്കളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ കളിപ്പാവയായി പാർട്ടിയെ എറിഞ്ഞു കൊടുക്കാനും ജി. സുധാകരനു കഴിയുമോ. പരസ്യമായ പൊട്ടിത്തെറിയിലൂടെ സുധാകരനും വർഗ്ഗവഞ്ചകൻ എന്ന വാർത്തസമ്മേളനം പൂർത്തിയായ ഉടൻ സുധാകരന്റെ ആലപ്പുഴയിലെ വീടിനുമുന്നിൽ മതിലിൽ പതിച്ച പോസ്റ്ററിലൂടെ സി.പി.എമ്മും വ്യക്തമാക്കുന്നത് എന്താണ്. നാടിന് അത് അറിയണം പാർട്ടിയും സുധാകരനും അത് വ്യക്തമാക്കണം. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ ഉത്തരങ്ങൾ കാത്ത് ചോദ്യങ്ങൾ കാത്തിരിപ്പുണ്ട്.

You may also like