Home Editorialമുദ്രയിലെ പിഴവ്, വിശ്വാസത്തിലെ ചോദ്യങ്ങൾ

മുദ്രയിലെ പിഴവ്, വിശ്വാസത്തിലെ ചോദ്യങ്ങൾ

by news_desk1
0 comments

‎ഇന്ത്യയിലെ പ്രധാനപ്പെട്ട 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരാഴ്ച പൂർത്തിയായിട്ടേയുള്ളൂ. ഇനി കേവലം 16 ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഏപ്രിൽ 9നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വാശിയേറിയ പ്രചരണ പ്രവർത്തനങ്ങളിലാണ് മുന്നണികളും സ്ഥാനാർഥികളും. രാഷ്ട്രീയ കേരളം ഇന്നോളം കണ്ടതിൽ വച്ച് കേരളത്തിന്റെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും മൂന്നാം കക്ഷിയുടെയും ഭാവി തന്നെ നിർണയിക്കാവുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പാണിത്. വളരെ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിൽ തുടക്കം തന്നെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളിലെ ഒന്നാം കക്ഷിയായ കോൺഗ്രസ് ദുരൂഹത ആരോപിച്ചിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ ഏറെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് വച്ചതിലും പലതരത്തിലുള്ള സംശയങ്ങളും പങ്കുവെക്കപ്പെട്ടു. എന്നാൽ അതിനെയെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തെ പൂർണമായും മാനിച്ചുകൊണ്ട് സകല മനുഷ്യരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞാൽ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഔദ്യോഗിക മെയിലിലേക്ക് കമ്മീഷന്റെ ഒഫീഷ്യൽ മെയിൽ ഐഡിയിൽനിന്ന് ഒരു കത്ത് വന്നത്.

ആ കത്ത് പരിശോധിച്ചവരെല്ലാം ഞെട്ടി. ബി.ജെ.പി കേരളം 2019ലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തത തേടിക്കൊണ്ട് ബി.ജെ.പി കേരളം എന്ന സിലോടുകൂടി ഉള്ള കത്തായിരുന്നു അത്. സി.പി.എമ്മാണ് രാജ്യത്ത് തന്നെ ഞെട്ടിച്ച ഈ വിവരം എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ഒരു പ്രത്യേക പാർട്ടിയുടെ സീൽ പതിഞ്ഞത് “ക്ലറിക്കൽ പിഴവ്” മാത്രമാണെന്ന വിശദീകരണം നൽകിയിരിക്കുമ്പോഴും, ഈ സംഭവത്തിന് ചുറ്റുമുള്ള സംശയങ്ങൾ അത്ര എളുപ്പത്തിൽ മായുന്നില്ല. ജനാധിപത്യത്തിന്റെ കാവൽക്കാരനായി കണക്കാക്കപ്പെടുന്ന സ്ഥാപനത്തിന്റെ നടപടികളിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് തന്നെ ആശങ്കാജനകമാണ്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായതു മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിക്കൂട്ടിലാണ്. വ്യാപകമായ ക്രമക്കേട് വോട്ടർ പട്ടികയിൽ നടത്തിയാണ് മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയതെന്ന് തെളിവ് സഹിതം രാജ്യത്തിൻറെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി വെളിപ്പെടുത്തുകയുണ്ടായി. സമഗ്ര പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ആയിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. രാജ്യം ഭയത്തോടും ആശങ്കയോടെയുമാണ് ആ വിവരം അറിഞ്ഞത്. ലക്ഷക്കണക്കിന് മനുഷ്യരുടെ പൗരാവകാശത്തെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേർന്ന് അന്ന് അട്ടിമറിച്ചത്. അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയപരിപാടികൾ നിശ്ചയിക്കുന്നത് ബി.ജെ.പി സംവിധാനത്തിന്റെ ഇടപെടൽ ഉണ്ടെന്നുള്ള ആരോപണം പ്രതിപക്ഷ കക്ഷികൾ ഏക സ്വരത്തിനു ഉന്നയിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുന്ന സുപ്രധാന സ്ഥാപനമാണ്. അതിന്റെ ഓരോ നടപടിയും, ഓരോ രേഖയും നിഷ്പക്ഷതയും പരസ്യതയും പുലർത്തേണ്ടതുണ്ട്.

അത്തരമൊരു സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക കത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമോ സീലോ പ്രത്യക്ഷപ്പെടുന്നത് ചെറിയൊരു “ടൈപ്പിംഗ് പിഴവ്” എന്ന നിലയിൽ കാണാൻ കഴിയില്ല. കാരണം, ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളിൽ സംശയത്തിന് ഇടവരുത്തുന്നതാണ്. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ അത്യന്തം ജാഗ്രതയോടു കൂടി കൈകാര്യം ചെയ്യേണ്ടവർ എത്രത്തോളം ലാഘവത്തോടെയാണ് അതിനെയെല്ലാം കാണുന്നതെന്ന് ഒരൊറ്റ പിഴവ് അടിവരയിടുന്നു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ഇന്നോളം വരെ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പലപ്പോഴായി ഉയർന്നു കേട്ടിട്ടുള്ള മറ്റൊരു ആരോപണമാണ് വോട്ടിംഗ് മെഷീനിൽ എവിടെ കുത്തിയാൽ താമര ചിഹ്നത്തിന് സമീപം ലൈറ്റ് തെളിയുന്നതായിട്ടുള്ള പരാതി. ഇത്തരം പരാതികൾ എല്ലാം ഉന്നയിച്ച കാലം മുതൽ പ്രതിപക്ഷം ഇലക്ഷൻ കമ്മീഷന് അഞ്ഞൂറാനും ഭരണപക്ഷം ചേട്ടൻ ബാവയുമാണ്. “ക്ലറിക്കൽ പിഴവ്” എന്ന വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും, അതിന് പിന്നിലെ യാഥാർഥ്യം എന്താണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കണം.

ഇത്തരം പിഴവുകൾ എങ്ങനെ സംഭവിച്ചു? പരിശോധനാ സംവിധാനം എവിടെ പിഴച്ചു? ഉത്തരവാദിത്തം ആരുടേത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നു. ജനാധിപത്യ സംവിധാനത്തിൽ വിശ്വാസം നിലനിർത്താൻ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് അനിവാര്യമാണ്. ഈ സംഭവം ചെറിയതായി തോന്നാമെങ്കിലും, അതിന്റെ പ്രതിഫലം വലിയതാണ്. തെരഞ്ഞെടുപ്പ് പോലുള്ള നിർണായക ഘട്ടത്തിൽ ഇത്തരം പിഴവുകൾ ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ വിതയ്ക്കും. ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാൻ വലിയ സംഭവങ്ങൾ ആവശ്യമില്ല; ചെറിയ വീഴ്ചകളും അതിന് കാരണമാകാം. അതുകൊണ്ട് തന്നെ, ഇത്തരം സംഭവങ്ങളെ “പിഴവ്” എന്ന് പറഞ്ഞ് ഒതുക്കുന്നത് മതിയാകില്ല. ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള കർശനമായ നടപടികളും സുതാര്യമായ അന്വേഷണവും ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതുണ്ടെങ്കിൽ, കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട സമയമാണിത്. ജനാധിപത്യത്തിന്റെ ശക്തി സ്ഥാപനങ്ങളിലല്ല, അവയോടുള്ള ജനങ്ങളുടെ വിശ്വാസത്തിലാണ്. ആ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

You may also like