ബെംഗളൂരു: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഎൽ 19-ാം സീസണിന് ഇന്ന് തുടക്കമാകുന്നു. കഴിഞ്ഞ സീസണിൽ നീണ്ട വർഷങ്ങളായ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സ്വന്തം മൈതാനത്ത് സീസൺ ആരംഭിക്കുന്നു. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് ആർസിബിയുടെ എതിരാളികൾ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം.
ഉദ്ഘാടന മത്സരത്തിനൊപ്പം സീസണിന്റെ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെ വേദിയാകും. ഇത്തവണ വർണാഭമായ ഉദ്ഘാടന പരിപാടികളോ സംഗീത-നൃത്ത വിരുന്നുകളോ ഇല്ലാതെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ആർസിബിയുടെ വിജയാഘോഷങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തെ അനുസ്മരിച്ചാണ് ആഘോഷ പരിപാടികൾ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിവാക്കി വയ്ക്കുകയും മത്സരത്തിന് മുൻപ് പരിശീലനത്തിനിറങ്ങുമ്പോൾ താരങ്ങൾ 11-ാം നമ്പർ ജേഴ്സി ധരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഈ സീസണിൽ പത്ത് ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്. വമ്പൻ താരലേലത്തിനും ട്രേഡിങ്ങിനും ശേഷം ടീമുകൾ ശക്തമായ നിരകളുമായി എത്തുന്നതിനാൽ കടുത്ത മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വീതം കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മൂന്ന് തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരും ഒരുതവണ വീതം കിരീടം നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളും വീണ്ടും വിജയലക്ഷ്യവുമായി രംഗത്തുണ്ട്.
ഇതോടൊപ്പം ഇതുവരെ കിരീടം നേടാനാകാത്ത പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളും ഈ വർഷം ചരിത്രം കുറിക്കാനായുള്ള ശ്രമത്തിലാണ്. പുതിയൊരു ചാമ്പ്യൻ ഉയരുമോ, അതോ നിലവിലെ വമ്പന്മാർ കിരീടസംഖ്യ വർധിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

