ഖത്തർ: ഖത്തർ മധുരപാനീയങ്ങളുടെ നികുതി ഘടനയിൽ വൻ ഭേദഗതി പ്രഖ്യാപിച്ചു. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ജനറൽ ടാക്സ് അതോറിറ്റി പുതിയ നികുതി സംവിധാനം അവതരിപ്പിച്ചു.
2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള 2018-ലെ എക്സൈസ് നികുതി നിയമത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. ഇതുവരെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കി നികുതി ഈടാക്കിയിരുന്നുവെങ്കിൽ ഇനി മുതൽ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുക.
പുതിയ വ്യവസ്ഥ പ്രകാരം, കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതി നൽകേണ്ടി വരും. സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത ജ്യൂസുകൾ എന്നിവയ്ക്ക് പുറമെ പൗഡറുകൾ, സിറപ്പുകൾ, കോൺസെൻട്രേറ്റുകൾ എന്നിവയും നികുതി പരിധിയിൽ ഉൾപ്പെടും.
പൊതുജനാരോഗ്യം മുൻനിർത്തിയാണ് നടപടി. അമിതമായ മധുര ഉപഭോഗം കുറച്ച് പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളെ തടയുകയാണ് ലക്ഷ്യം. പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിയമം നടപ്പിലാക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങൾക്കും നിർമ്മാതാക്കൾക്കും മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നികുതി ബാധകമായ ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ ‘ധരീബ’ പോർട്ടൽ വഴി സമർപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു. കൃത്യമായ വിവരങ്ങൾ നൽകാത്തവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.

