Home Internationalവടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, ജനങ്ങളോട് മാറിതാമസിക്കാൻ നിർദ്ദേശം

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, ജനങ്ങളോട് മാറിതാമസിക്കാൻ നിർദ്ദേശം

by news_desk
0 comments

ടോക്യോ: വടക്കൻ ജപ്പാനിൽ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇവേറ്റ് പ്രിഫെക്ചർ, ഹോക്കൈഡോ എന്നിവിടങ്ങളുടെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അപകടസാധ്യത കണക്കിലെടുത്ത് തീരവാസികളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിതാമസിക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭൂകമ്പത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. കടൽക്ഷോഭത്തിനൊപ്പം നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആദ്യ തിരമാലകൾക്ക് ശേഷം അതിശക്തമായ സുനാമി തരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ആഗോളതലത്തിൽ ഉണ്ടാകുന്ന ഭൂചലനങ്ങളുടെ 18 ശതമാനവും ജപ്പാൻ ദ്വീപസമൂഹത്തിലാണ് സംഭവിക്കുന്നത്. പ്രതിവർഷം ശരാശരി 1,500 ഓളം ഭൂചലനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. സുനാമി ഭീഷണി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും ദുരന്തനിവാരണ സേനയും സജ്ജമായിക്കഴിഞ്ഞു.

You may also like