ന്യൂഡൽഹി: കേന്ദ്ര റിസർവ് പൊലീസ് സേനയായ സി.ആർ.പി.എഫിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ, ട്രേഡ്സ്മാൻ) തസ്തികകളിലേക്ക് വൻ തോതിൽ നിയമനം. ആകെ 9,175 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഏപ്രിൽ 20 മുതൽ സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മേയ് 19 ആണ് അവസാന തീയതി. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഡ്രൈവർ തസ്തികകൾക്ക് ഹെവി മോട്ടോർ വാഹന ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. മോട്ടോർ മെക്കാനിക് ഉൾപ്പെടെയുള്ള ടെക്നിക്കൽ വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പും പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രായപരിധി തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. ഡ്രൈവർ തസ്തികയ്ക്ക് 21 മുതൽ 27 വയസ് വരെയും മറ്റ് ട്രേഡ്സ്മാൻ തസ്തികകൾക്ക് 18 മുതൽ 23 വയസ് വരെയുമാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പള നിരക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെയാണ്. കേന്ദ്രസേനയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്.

