Home Nationalപോരാട്ടം കനക്കുന്നു; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പോരാട്ടം കനക്കുന്നു; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

by news_desk
0 comments

ചെന്നൈ/കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലമർന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പരസ്യപ്രചാരണത്തിന് അനുവാദമുള്ളത്. അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്.

തമിഴ്നാട്ടിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഡിഎംകെയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന എഐഎഡിഎംകെയും കടുത്ത പോരാട്ടത്തിലാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് വൈകീട്ട് ചെന്നൈയിൽ പ്രചാരണത്തിന് നേതൃത്വം നൽകും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈയിലെ വിവിധയിടങ്ങളിൽ റോഡ് ഷോ നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സ്വന്തം തട്ടകമായ സേലത്തും എടപ്പാടിയിലുമാണ് ഇന്ന് പര്യടനം നടത്തുന്നത്. ഉദയനിധി സ്റ്റാലിൻ, കനിമൊഴി തുടങ്ങിയ പ്രമുഖരും അവസാന ഘട്ട പ്രചാരണത്തിൽ സജീവമാണ്. ആറ് മണിക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ വിധിയെഴുതുന്ന 152 മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് സമാപിക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരി ജനവിധി തേടുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനിതാ സംവരണം ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങൾക്കൊപ്പം പ്രാദേശിക പ്രശ്നങ്ങളും ചർച്ചയായ പ്രചാരണ കാലത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. തകർന്നടിഞ്ഞ കരുത്ത് തിരിച്ചുപിടിക്കാൻ സിപിഐഎമ്മും കോൺഗ്രസും ഇത്തവണ വലിയ ശ്രമങ്ങളാണ് നടത്തിയത്. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണത്തിന്റെ ഘട്ടത്തിലേക്ക് ഇരു സംസ്ഥാനങ്ങളും കടക്കും.

You may also like