പാലക്കാട്: പേരാമ്പ്രയിലെ സ്ട്രോങ് റൂം വിവാദങ്ങൾ നിലനിൽക്കെ, പാലക്കാടും സ്ട്രോങ് റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പാലക്കാട് വിക്ടോറിയ കോളേജിൽ സൂക്ഷിച്ചിട്ടുള്ള നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ് റൂമാണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി റൂമിനുള്ളിൽ അബദ്ധത്തിൽ മറന്നുവെച്ചതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. സ്ട്രോങ് റൂം തുറക്കുന്നത് സംബന്ധിച്ച് സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ച് വിവരമറിയിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിമാറിയിരുന്നു. എന്നാൽ സ്ട്രോങ് റൂമല്ല, മറിച്ച് രണ്ടാം നിലയിലുള്ള മെറ്റീരിയൽ റൂമാണ് തുറന്നതെന്നായിരുന്നു ജില്ലാ കളക്ടറുടെ വിശദീകരണം. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു.
അതേസമയം, പേരാമ്പ്രയിലെ സംഭവത്തിൽ റിട്ടേണിങ് ഓഫീസർക്ക് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. പേരാമ്പ്രയിലെ തർക്കങ്ങൾ കെട്ടടങ്ങുന്നതിന് മുൻപേ പാലക്കാടും സ്ട്രോങ് റൂം തുറക്കേണ്ടി വന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരിക്കും വിക്ടോറിയ കോളേജിലെ സ്ട്രോങ് റൂം തുറക്കുന്ന നടപടികൾ പൂർത്തിയാക്കുക.

