വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ശാശ്വതമായ ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്നും സമാധാന ചർച്ചകൾ ഉടൻ പാകിസ്താനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാവിക ഉപരോധം നിലവിൽ വന്നതോടെ ഇറാൻ സാമ്പത്തികമായി തകരുകയാണെന്നും പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് അവർക്കുണ്ടാകുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 27 കപ്പലുകളെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ യുഎസ് സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ഇതിനിടെ, വെടിനിർത്തൽ നീട്ടുന്നത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി നിർണ്ണായക ചർച്ചകൾ നടത്തി.
അമേരിക്കയുടെ പ്രകോപനപരമായ നടപടികളും വെടിനിർത്തൽ ലംഘനങ്ങളും സമാധാന ചർച്ചകൾക്ക് തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഭീഷണികൾക്ക് വഴങ്ങി ചർച്ചകൾക്കില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ചർച്ചയല്ല, മറിച്ച് ഇറാന്റെ കീഴടങ്ങലാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ. ഇതുസംബന്ധിച്ച് ഇറാനിൽ നിന്ന് അനുകൂല സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പാക് വൃത്തങ്ങൾ അറിയിച്ചു.

