തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള ക്ഷാമവും മാലിന്യ പ്രശ്നവും ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിലേറിയതിന് പിന്നാലെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിന് പിന്നിൽ 45 വർഷമായി നിലനിന്നിരുന്ന അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയാണെന്ന് ആശ നാഥ് ആരോപിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ് തുടങ്ങിയ വഴികളിലൂടെ പാർട്ടിക്ക് ലഭിച്ചിരുന്ന ഫണ്ടുകളുടെ പ്രധാന ഉറവിടം നഷ്ടമായതോടെയാണ് ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്നും അവർ പറഞ്ഞു.
മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ നദികളും തോടുകളും ശുചീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കി.
“വ്യാജപ്രചാരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കൂ, അതിലൂടെ സത്യങ്ങൾ കൂടുതൽ പുറത്തുവരും” എന്നും ആശ നാഥ് വിമർശകർക്ക് മറുപടി നൽകി. നഗരവികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അവർ കൂട്ടിച്ചേർത്തു.

