Home Keralaസ്ഥാനക്കയറ്റത്തിന് എതിർപ്പ്; ‘നീതി ലഭിച്ചില്ല, ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക’ – അതിജീവിതയുടെ നിവേദനം

സ്ഥാനക്കയറ്റത്തിന് എതിർപ്പ്; ‘നീതി ലഭിച്ചില്ല, ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക’ – അതിജീവിതയുടെ നിവേദനം

by news_desk1
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമർപ്പിച്ചു.

മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നാരോപിച്ച് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സമാന നിവേദനം നൽകിയിട്ടുണ്ട്.

തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും പീഡന ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക നിലനിൽക്കുന്നുവെന്നും അതിജീവിത നിവേദനത്തിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ജഡ്ജിയായി ഹണി എം വർഗീസിനെ ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

ഹണി എം വർഗീസുള്‍പ്പെടെ അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ സുപ്രീം കോടതി കൊളീജിയം തീരുമാനം എടുത്തതിന് ശേഷം രാഷ്ട്രപതി അന്തിമ അംഗീകാരം നൽകുന്നതാണ് നടപടിക്രമം.

2019-ൽ വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹണി എം വർഗീസിനെ കേസിന്റെ പ്രത്യേക ജഡ്ജിയായി നിയമിച്ചത്. ദീർഘകാല വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ 8-ന് വിധി പ്രഖ്യാപിച്ച കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിക്കുകയും, എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

You may also like