കേരളം ഇന്ന് അപൂർവമായൊരു ചൂട് പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന താപനിലയും അതിനൊപ്പമുള്ള ഉയർന്ന ഈർപ്പവും ചേർന്ന് മനുഷ്യജീവിതം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യമാണിപ്പോൾ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതോടെ പ്രശ്നത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാണ്. സെൽഫ് ലോക്ക്ഡൗൺ നിർദേശം മുഖ്യമന്ത്രി തന്നെ നിർദേശിച്ചു കഴിഞ്ഞു. ഇത് ഒരു സാധാരണ വേനൽക്കാലമല്ല; മറിച്ച് മനുഷ്യനും പ്രകൃതിയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന അത്യാഹിതഘട്ടമാണ്. ഈ കാലാവസ്ഥ ആരോഗ്യരംഗത്ത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിർജലീകരണം, സൂര്യാഘാതം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ അപകടങ്ങൾ ജീവൻ പോലും കവരുന്നവയാണ്. പ്രത്യേകിച്ച് കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്ക് ഈ ചൂട് വലിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങാതിരിക്കുക, മതിയായ വെള്ളം കുടിക്കുക, പോഷകാഹാരം സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. അതേസമയം, ഈ പ്രതിസന്ധി മനുഷ്യരെ മാത്രമല്ല, മിണ്ടാപ്രാണികളെയും ബാധിക്കുന്നു. ചൂട് താങ്ങാനാവാതെ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ മനുഷ്യവാസസ്ഥലങ്ങളിലേക്ക് കടന്നുവരുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇതിനകം തന്നെ പാമ്പുകടിയേറ്റ് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ വേദനാജനകമാണ്.
വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുക, വിള്ളലുകൾ അടയ്ക്കുക, രാത്രി സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക എന്നിവ അനിവാര്യമായി മാറിയിരിക്കുകയാണ്. ഇത് വ്യക്തിഗത ജാഗ്രതയുടെ വിഷയമാത്രമല്ല; സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശക്തമായി ഇടപെടേണ്ട ഘട്ടമാണ്. തണൽ സൗകര്യങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യ ക്യാമ്പുകൾ, പൊതു മുന്നറിയിപ്പുകൾ എന്നിവ വ്യാപകമായി ഉറപ്പാക്കണം. തൊഴിലാളികൾക്കായി ജോലി സമയ ക്രമീകരണങ്ങളും സുരക്ഷാ മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കഠിന മുഖമാണ് കേരളം ഇന്ന് കാണുന്നത്. അതിനെ അവഗണിക്കുന്നത് ഭാവിയിൽ കൂടുതൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും. പ്രകൃതിയോടുള്ള നമ്മുടെ സമീപനം പുനഃപരിശോധിക്കേണ്ട സമയമാണിത്. വികസനവും ജീവിതശൈലിയും പ്രകൃതിസൗഹൃദമാക്കാതെ മുന്നോട്ട് പോകാനാകില്ല. ഒത്തൊരുമയും ജാഗ്രതയും ഉത്തരവാദിത്വവും ചേർന്നാൽ മാത്രമേ ഈ തീച്ചൂടിനെ അതിജീവിക്കാൻ കഴിയൂ. മുന്നറിയിപ്പുകൾ പാലിച്ച് ജീവൻ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കടമ. തീക്കനലിൽ ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലം നമ്മെ കൂടുതൽ ജാഗ്രതയുള്ള ഒരു സമൂഹമാക്കി മാറ്റുമെന്ന പ്രത്യാശയോടെ മുന്നോട്ട് പോകാം.

