തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് ദുരന്തസ്ഥലത്ത് നിന്ന് വീണ്ടും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് രണ്ട് ശരീരഭാഗങ്ങൾ ലഭിച്ചത്. നാട്ടുകാർ കണ്ടെത്തിയ അവശിഷ്ടങ്ങൾ പൊലീസിന് കൈമാറി.
ഇതിനുമുമ്പും പ്രദേശത്ത് നിന്ന് വിവിധ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. കഡാവർ നായകളുടെ സഹായത്തോടെ ഇന്നും വ്യാപക തിരച്ചിൽ നടത്തും.
അപകടത്തിൽ മരിച്ചവരിൽ തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിന്റെ ശരീരാവശിഷ്ടങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധനയ്ക്കിടെ സമീപ പ്രദേശങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ ഉൾപ്പെടെ മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 21ന് തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കിടെ വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേർ ഇപ്പോഴും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.

