ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെ തന്നെയാണ് കളത്തിലിറങ്ങുന്നത്.
ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയും നേടിയ പഞ്ചാബ് കിങ്സ് 11 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ടീം ആത്മവിശ്വാസത്തിലാണ്.
മറുവശത്ത് ഡൽഹി ക്യാപിറ്റൽസിന്റെ പ്രകടനം ഇടിഞ്ഞിരിക്കുകയാണ്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് തോൽവികൾ വഴങ്ങിയതോടെ ടീം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാറ്റിംഗ് നിരയുടെ അസംഘടിത പ്രകടനമാണ് ഡൽഹിയുടെ പ്രധാന ആശങ്ക. കെ.എൽ. രാഹുലും സ്റ്റബ്സും മാത്രമാണ് സ്ഥിരത പുലർത്തുന്നത്.
ബൗളിംഗിൽ ലുങ്കി എൻഗിഡി മികച്ച ഫോമിലാണെങ്കിലും സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും അക്ഷർ പട്ടേലും സ്ഥിരത കണ്ടെത്താനായിട്ടില്ല.
അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സമതുലിതമായ പ്രകടനമാണ് പഞ്ചാബ് കിങ്സ് പുറത്തെടുക്കുന്നത്. അർഷ്ദീപ് സിംഗ് ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് കൂടുതൽ കരുത്ത് നൽകുന്നു. യുവതാരം പ്രിയാംശ് ആര്യയുടെ പ്രകടനവും ടീമിന്റെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്.
അപരാജിത മുന്നേറ്റം തുടരാനാണ് പഞ്ചാബ് ഇറങ്ങുമ്പോൾ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഡൽഹിയും കഠിന പോരാട്ടത്തിനിറങ്ങുകയാണ്.

