കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവച്ചു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങളിൽ നിന്ന് പിന്മാറി.
മമത ബാനർജിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്തും സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാരും രാജി സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്തയും നേരത്തെ ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു.
294 അംഗ നിയമസഭയിൽ 207-ഓളം സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയതോടെയാണ് സംസ്ഥാന ഭരണകേന്ദ്രങ്ങളിൽ വൻ മാറ്റങ്ങൾക്ക് തുടക്കമായത്. മമത ബാനർജിയുടെ ഭരണനിർണയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഉദ്യോഗസ്ഥരാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്. കേന്ദ്രസർക്കാരുമായി ഉണ്ടായ തർക്കങ്ങൾക്ക് ശേഷം വിരമിച്ച ആലാപൻ ബന്ദോപാധ്യായയെ മമത പ്രത്യേക ഉപദേശകനായി നിയമിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു.
ബിജെപി സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, തൃണമൂൽ സർക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കൂടുതൽ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ പദവി ഒഴിയാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ താൻ രാജിവെയ്ക്കില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരുമെന്നുമാണ് മമത ബാനർജിയുടെ പ്രതികരണം. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ ആറോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും ഉൾപ്പെടുന്നതായി വിവരം.

