Home Internationalകൊവിഡ് പോലെ ‘ഹാൻ്റ വൈറസ് പകർച്ചവ്യാധി ആകില്ല’: ലോകാരോഗ്യ സംഘടന

കൊവിഡ് പോലെ ‘ഹാൻ്റ വൈറസ് പകർച്ചവ്യാധി ആകില്ല’: ലോകാരോഗ്യ സംഘടന

by news_desk1
0 comments

ജനീവ: ഹാൻ്റ വൈറസ് കോവിഡ് പോലെ വ്യാപക പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നും അതിനാൽ കോവിഡ് പോലെയുള്ള അതിവേഗ വ്യാപന ഭീഷണി നിലവിലില്ലെന്നും ഡബ്ല്യുഎച്ച്ഒയുടെ പകർച്ചവ്യാധി വിദഗ്ധ മരിയ വാൻ കെർഖോവ് അറിയിച്ചു.

അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന എംവി ഹോൺഡിയസ് ഡച്ച് പര്യവേഷണ കപ്പലിൽ ഹാൻ്റ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. കപ്പലിൽ വൈറസ് വ്യാപിച്ചതിനെ കുറിച്ച് ഡബ്ല്യുഎച്ച്ഒ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

149 പേർ സഞ്ചരിച്ചിരുന്ന ആഡംബര കപ്പലിൽ ഇതുവരെ എട്ട് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കപ്പലിൽ മൂന്ന് ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ ആദ്യഘട്ടത്തിൽ യാത്രക്കാരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഏപ്രിൽ ആറിനാണ് 70 വയസ്സുള്ള ഡച്ച് പൗരന് പനി, തലവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായത്. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹം ഏപ്രിൽ 11ന് മരിച്ചു. തുടർന്ന് ഭാര്യയ്ക്കും സമാന ലക്ഷണങ്ങൾ ഉണ്ടാകുകയും ഏപ്രിൽ 26ന് ദക്ഷിണാഫ്രിക്കയിൽ വെച്ച് മരിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും ഹാൻ്റ വൈറസ് സ്ഥിരീകരിച്ചത്.

അതേസമയം, ഹാൻ്റ വൈറസ് ലോകത്തിലെ അപൂർവവും അതീവ അപകടകാരിയുമായ വൈറസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രധാനമായും എലികളിലൂടെയാണ് രോഗം പകരുന്നത്. എലികളുടെ മൂത്രം, കാഷ്‌ഠം, ഉമിനീർ എന്നിവയിലെ വൈറസ് കണങ്ങൾ വായുവിൽ കലരുകയും അത് മനുഷ്യർ ശ്വസിക്കുകയോ സ്പർശിക്കുകയോ ചെയ്യുമ്പോഴാണ് രോഗബാധ ഉണ്ടാകുന്നത്. അണുബാധയുള്ള എലികളുടെ കടിയിലൂടെയും വൈറസ് പകരാൻ സാധ്യതയുണ്ട്.

ശ്വാസകോശത്തെയും വൃക്കകളെയും ഗുരുതരമായി ബാധിക്കാൻ ശേഷിയുള്ള വൈറസാണ് ഹാൻ്റ വൈറസ് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

You may also like