മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് തിരൂര്‍ സബ് കളക്ടര്‍ Dileep K Kainikkara രംഗത്ത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിവിധ ഭരണ-വിദ്യാഭ്യാസ പരിഷ്‌കാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
2029 വരെ തെരഞ്ഞെടുപ്പുകളില്ലാത്ത സാഹചര്യം സംസ്ഥാനത്ത് ദീര്‍ഘകാലപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിന് അവസരമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഭരണപരമായ കാര്യക്ഷമതയും പൊതുസൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകള്‍ വിഭജിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളോളം വരുന്ന വലുപ്പമാണ് ഒരു ജില്ലയ്ക്ക് അനുയോജ്യമെന്ന വ്യക്തിപരമായ അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം നിലവിലെ 56ല്‍നിന്ന് 60 ആക്കണമെന്നും കുറഞ്ഞത് 58 ആക്കിയാലും വലിയ ഭരണപരമായ യുക്തിവല്‍ക്കരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ആരോഗ്യ സൂചികകളും പരിഗണിക്കുമ്പോള്‍ 56ാം വയസില്‍ വിരമിപ്പിക്കുന്നത് യുക്തിസഹമല്ലെന്നും കുറിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും ഇതിലൂടെ ടൂറിസം മേഖലയ്ക്കും സേവനമേഖലാ നിക്ഷേപങ്ങള്‍ക്കും വലിയ ഗുണമുണ്ടാകുമെന്നും സബ് കളക്ടര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. മലയാളം മീഡിയം വിദ്യാഭ്യാസം എല്‍.പി തലത്തിനപ്പുറം വ്യാപിപ്പിക്കരുതെന്നും യു.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ഇംഗ്ലീഷ് മീഡിയം വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രീതികള്‍ പുതിയ സാമൂഹിക വ്യത്യാസങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
സ്കൂളുകളിലെ മാര്‍ക്കിംഗ്-ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്നും എ പ്ലസ് ഉദാരവല്‍ക്കരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ അക്കാദമിക് നിലവാരം വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള മൂല്യനിര്‍ണയ സംവിധാനമാണ് വേണ്ടതെന്നും എല്ലാ കുട്ടികളെയും ഉപാധികളില്ലാതെ വിജയിപ്പിക്കുന്ന നിലവിലെ രീതിയെ പുനഃപരിശോധിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

