തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മന്നാര്‍ ഉള്‍ക്കടലിനും ശ്രീലങ്കന്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്ക്കുന്നതും ഉത്തര കര്‍ണാടക മുതല്‍ ദക്ഷിണ കര്‍ണാടക, തമിഴ്നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത്തി സജീവമായിരിക്കുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.
ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതല്‍ സ്വാധീനിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 10 മുതല്‍ 14 വരെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി, ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകള്‍ എന്നിവിടങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
കടലില്‍ തുടരുന്ന മത്സ്യത്തൊഴിലാളികള്‍ ഉടന്‍ സുരക്ഷിതമായി കരയിലേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

