കുവൈത്ത്: കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ നിരവധി ഡ്രോണുകള്‍ കടന്നുകയറാന്‍ ശ്രമിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കി ഡ്രോണുകളെ തടഞ്ഞതായും സുരക്ഷാ ഭീഷണി ഒഴിവാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ഇറാന്-യുഎസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഡ്രോണ്‍ ആക്രമണശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഇറാന് കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.
ഇതിന് പിന്നാലെയാണ് കുവൈത്തില്‍ ഡ്രോണ്‍ നീക്കം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി.
കുവൈത്ത് വ്യോമാതിര്‍ത്തിയിലും പ്രധാന നഗരങ്ങളിലും നിരീക്ഷണം വര്‍ധിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉയരുന്ന സാഹചര്യത്തില്‍ മേഖലയിലെ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത തുടരുകയാണ്.

