തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതായി റിപ്പോർട്ട്. കോൺഗ്രസിലെ മുതിർന്ന നേതാവായ ചെന്നിത്തലയെ മന്ത്രിസഭയിൽ നിർണായക ചുമതലയോടെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിർണായക വകുപ്പുകളുടെ വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് നൽകുന്നതിൽ പാർട്ടി നേതൃത്വത്തിനുള്ളിൽ ഏകദേശ ധാരണയായതായാണ് സൂചന.
മന്ത്രിസഭയിലെ പ്രാതിനിധ്യം, മേഖലാ-സാമുദായിക സമവാക്യങ്ങൾ, മുതിർന്ന നേതാക്കളുടെ പരിഗണന എന്നിവ കണക്കിലെടുത്താണ് വകുപ്പുവിഭജനം നടക്കുന്നത്. ആഭ്യന്തര വകുപ്പിനൊപ്പം മറ്റ് സുപ്രധാന വകുപ്പുകളെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം, മന്ത്രിസഭ പട്ടിക ഗവർണർക്ക് കൈമാറാനുള്ള നടപടികളും വേഗത്തിലായിട്ടുണ്ട്. മെയ് 18ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

