Home Nationalറെയിൽവേ സുരക്ഷയ്ക്ക് കർശന നിരീക്ഷണം; എഐ ഡ്രോണുകളും ആധുനിക സംവിധാനങ്ങളും വ്യാപകം

റെയിൽവേ സുരക്ഷയ്ക്ക് കർശന നിരീക്ഷണം; എഐ ഡ്രോണുകളും ആധുനിക സംവിധാനങ്ങളും വ്യാപകം

by news_desk1
0 comments

ന്യൂഡൽഹി: ട്രെയിനുകൾ, യാത്രക്കാർ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൃത്രിമ ബുദ്ധി അധിഷ്ഠിത ഡ്രോണുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു, റെയിൽവേ ബോർഡ് ചെയർമാൻ, വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലായി റെയിൽവേ ശൃംഖലയിൽ ഉണ്ടായ തീപിടിത്തങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളിൽ സാമൂഹിക വിരുദ്ധരുടെ പങ്കാളിത്തം കണ്ടെത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമാകുന്നുവെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാണുന്നതെന്നും റെയിൽവേ സുരക്ഷാ സേന അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

റെയിൽവേ പാതകളിലും സ്റ്റേഷൻ പരിസരങ്ങളിലുമുള്ള സിസിടിവി നിരീക്ഷണം വ്യാപിപ്പിക്കാനും ക്യാമറകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തീരുമാനമായി. ശേഖരിക്കുന്ന വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യുന്നതിനായി കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയും സൈബർ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തും.

റെയിൽവേ സുരക്ഷാസേനയും ഗവൺമെന്റ് റെയിൽവേ പോലീസും തമ്മിലുള്ള വിവര കൈമാറ്റവും ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. സ്റ്റേഷനുകളിലും ട്രെയിനുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ യാത്രക്കാരുടെ സഹകരണം ഉറപ്പാക്കുന്നതിനും റെയിൽവേ പ്രാധാന്യം നൽകും.

യാത്രയ്ക്കിടെ അതീവ ജാഗ്രത പാലിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ അഭ്യർത്ഥിച്ചു. റെയിൽവേ പരിസരങ്ങളിൽ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ് ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

You may also like