Home Nationalനേതാക്കളെല്ലാം കസ്റ്റഡിയിൽ; സിജെപിയുടെ പ്ലാൻ ബി തയ്യാർ, ഇനി പ്രതിഷേധം നയിക്കാൻ അജിങ്ക്യ ഷിൻഡെ

നേതാക്കളെല്ലാം കസ്റ്റഡിയിൽ; സിജെപിയുടെ പ്ലാൻ ബി തയ്യാർ, ഇനി പ്രതിഷേധം നയിക്കാൻ അജിങ്ക്യ ഷിൻഡെ

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്ലാൻ ബി. പാർട്ടി നേതൃത്വത്തിലെ പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുക മഹാരാഷ്ട്രയിൽ നിന്നുള്ള അജിങ്ക്യ ഷിൻഡെയായിരിക്കും. ഇക്കാര്യം അറിയിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചു.

അഭിജീത് ദീപ്കെ, സൗരഭ് ദാസ്, അശുതോഷ് റാങ്കെ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ശനിയാഴ്ച ചിത്രീകരിച്ച വീഡിയോയാണ് ദീപ്കെ ഇപ്പോൾ പുറത്തുവിട്ടത്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്ന പാർട്ടി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് തയ്യാറാക്കിയതാണ് വീഡിയോയെന്നാണ് സൂചന.

വർഷങ്ങളായി അഭിജീത് ദീപ്കെയുമായി അടുത്ത് പ്രവർത്തിക്കുന്നയാളാണ് 35കാരനായ അജിങ്ക്യ ഷിൻഡെ. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം നേരത്തേ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. പിന്നീട് സിജെപി നേതൃത്വത്തിലെത്തുകയായിരുന്നു.

കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ച ഘട്ടത്തിൽ നേതൃത്വത്തെ നയിക്കുന്ന 12 വിദ്യാസമ്പന്നരായ യുവാക്കൾ എന്ന നിലയിൽ ചർച്ചയായവരിൽ അജിങ്ക്യ ഷിൻഡെയും ഉൾപ്പെട്ടിരുന്നു. പ്രധാന നേതാക്കൾ കസ്റ്റഡിയിലായതോടെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ തുടർനീക്കങ്ങൾ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് ഇപ്പോൾ ഷിൻഡെയ്ക്ക് മുന്നിലുള്ളത്.

You may also like