Home Nationalമോദിയുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് വിളിച്ചു; കേരള-തമിഴ്നാട് വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

മോദിയുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് വിളിച്ചു; കേരള-തമിഴ്നാട് വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

by news_desk1
0 comments

ല്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ വിളിച്ചതായി തൃശൂർ എംപി സുരേഷ് ഗോപി അറിയിച്ചു. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന സന്ദേശമാണ് വിജയ് പങ്കുവെച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെയാണ് വിജയ് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലിയിലെ സേവാ തീർഥിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു. തമിഴ്നാട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ആശങ്കകളും വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുന്‍ ഖർഗെ എന്നിവരെയും വിജയ് കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാതെ അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങി. വിജയും രാഹുലും കൈകോർക്കുന്ന ചിത്രങ്ങളോടുകൂടിയ ഫ്ലക്സുകൾ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ സ്ഥാപിച്ചിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്നില്ല. കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലും വിജയ് പങ്കെടുത്തിരുന്നില്ല.

കൂടിക്കാഴ്ചയിൽ വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി, തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങളാണ് വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന് പകരം ആദ്യം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ അനുമതി നൽകണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

മേക്കെദാതു ഡാം പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകത്തിന്റെ നീക്കത്തിൽ തമിഴ്നാട്ടിനുള്ള ആശങ്കയും വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ചാണ് ഭൂമിപൂജ നടന്നതെന്നും തർക്കത്തിലുള്ള എല്ലാ സംസ്ഥാനങ്ങളുടെയും സമ്മതമില്ലാതെ പദ്ധതിക്ക് അനുമതി നൽകരുതെന്നും ജൽ ശക്തി മന്ത്രാലയത്തോടും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനോടും നിർദേശിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചോളകാലത്തെ ചെമ്പോലകൾ നെതർലൻഡ്സിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതിന് പ്രധാനമന്ത്രി മോദിയോട് വിജയ് നന്ദിയും രേഖപ്പെടുത്തി. തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ശേഷം വിജയ് നടത്തുന്ന ആദ്യ ദില്ലി സന്ദർശനമാണിത്. 12 വർഷത്തിന് ശേഷമാണ് വിജയും മോദിയും നേരിൽ കൂടിക്കാഴ്ച നടത്തുന്നത്.

You may also like