Home Entertainment‘രഘുവരന്റെ പേരിൽ മാത്രം എന്നെ അടയാളപ്പെടുത്തരുത്’; മനസ് തുറന്ന് രോഹിണി

‘രഘുവരന്റെ പേരിൽ മാത്രം എന്നെ അടയാളപ്പെടുത്തരുത്’; മനസ് തുറന്ന് രോഹിണി

by news_desk1
0 comments

മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം നേടിയ നടിയാണ് രോഹിണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം പിന്നീട് വീണ്ടും അഭിനയരംഗത്ത് സജീവമായി. ഇപ്പോൾ മുൻഭർത്താവും നടനുമായ രഘുവരനെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും രോഹിണി നടത്തിയ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് രോഹിണി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. രഘുവരൻ ഒരിക്കലും തന്റെ സിനിമാ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്നും താൻ ജോലി ചെയ്യണമെന്ന ആശയം അദ്ദേഹത്തിനില്ലായിരുന്നുവെന്നും താരം പറഞ്ഞു.

‘ഞാനൊരു ഹൗസ് വൈഫ് ആയി തുടരണമെന്നാണ് രഘു പ്രതീക്ഷിച്ചിരുന്നത്. വിവാഹശേഷം എന്റെ കരിയറിൽ നിന്ന് ഏഴ് വർഷം മാറിനിൽക്കാൻ കാരണവും അതാണ്. അദ്ദേഹം വളർന്ന കുടുംബാന്തരീക്ഷത്തിൽ സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യാറില്ലായിരുന്നു. ഭാര്യ തന്റെ സംരക്ഷണത്തിൽ കഴിയണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു,’ രോഹിണി പറഞ്ഞു.

ആ ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് ഏറെ സമയം എടുത്തുവെന്നും പിന്നീട് ശക്തമായ പോരാട്ടങ്ങൾക്കൊടുവിലാണ് അഭിനയരംഗത്തേക്കും സംവിധാന രംഗത്തേക്കും തിരിച്ചെത്തിയതെന്നും അവർ വ്യക്തമാക്കി.

‘52 വർഷത്തോളമായി ഞാൻ സിനിമാ മേഖലയിലുണ്ട്. അതിൽ വെറും ഏഴ് വർഷം മാത്രമാണ് ഞാൻ രഘുവരനൊപ്പം ജീവിച്ചത്. അദ്ദേഹം എന്റെ മുൻഭർത്താവും എന്റെ മകന്റെ അച്ഛനുമാണ്. പക്ഷേ ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും എന്റെ സിനിമാ ജീവിതവും ഒരൊറ്റ വ്യക്തിയുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്,’ രോഹിണി പറഞ്ഞു.

തങ്ങളുടെ വിവാഹജീവിതത്തെയും വേർപിരിയലിനെയും കുറിച്ച് പലവട്ടം സംസാരിച്ചുകഴിഞ്ഞുവെന്നും ഇനി തന്റെ സിനിമകളെക്കുറിച്ചും വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ചുമാണ് ആളുകൾ ചോദിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

‘ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അതിന് ഞാൻ അർഹയാണ്. എനിക്ക് സ്വന്തമായൊരു അടയാളപ്പെടുത്തൽ ഉണ്ടാകണം,’ എന്നാണ് രോഹിണിയുടെ വാക്കുകൾ.

1996-ലാണ് രഘുവരനും രോഹിണിയും വിവാഹിതരായത്. 2004-ൽ ഇരുവരും വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവരുടെ മകന്റെ പേര്. വിവാഹമോചനത്തിന് ഏതാനും വർഷങ്ങൾക്കുശേഷം രഘുവരൻ അന്തരിച്ചു. 49-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. അമിത മദ്യപാനത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

You may also like