കൽപ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായി. മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് എത്തി വിശദീകരണം നൽകണം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉറപ്പ് രേഖാമൂലം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിച്ചാൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറാമെന്നും അവർ അറിയിച്ചു.
മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ ജില്ലയിൽ ഉണ്ടായിരുന്നിട്ടും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്താൻ വൈകിയതിലും പ്രതിഷേധക്കാർ രോഷം പ്രകടിപ്പിച്ചു.
“ഭരണത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ആളുകളല്ലേ ഇവിടെയുള്ളത്. ആരും എന്താണ് പ്രതികരിക്കാത്തത്? ഇടതുപക്ഷം ആയിരുന്നെങ്കിൽ ഇവിടെ എന്തായിരുന്നേനെ? ഈ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഇവിടെ വരുമോ? എം.എൽ.എ എവിടെയാണ്? ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്,” എന്ന് പ്രതിഷേധക്കാരിലൊരാൾ പ്രതികരിച്ചു.
ഇന്നലെ രാത്രി മുതൽ കാട്ടാന പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് പതിവല്ലെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തെ തുടർന്ന് മുൻ മന്ത്രി ഒ.ആർ. കേളുവും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖും മെഡിക്കൽ കോളേജിൽ എത്തി. ജില്ലാ ഭരണകൂടത്തിന്റെ ഒരു പ്രതിനിധി പോലും സ്ഥലത്തെത്തിയിട്ടില്ലെന്നും ജില്ലയുടെ മന്ത്രിയും വനംവകുപ്പ് മന്ത്രിയും എവിടെയാണെന്നും കെ. റഫീഖ് ചോദിച്ചു.
“മനുഷ്യജീവന് വില കൽപ്പിക്കാത്ത സമീപനം ജനരോഷത്തിന് ഇടയാക്കും. അടിയന്തര നടപടി വേണം. നഷ്ടപരിഹാരം ഇന്നുതന്നെ കൈമാറാനുള്ള നടപടിയുണ്ടാകണം. രണ്ടാഴ്ചയ്ക്കിടെ രണ്ട് പേരും 20 ദിവസത്തിനിടെ ആറുപേരും വന്യജീവി ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. ഫെൻസിംഗ് സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. അതിനും പരിഹാരം കാണണം,” എന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വാരിയെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയായിരുന്നു മരണം.
അതേസമയം, വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മേഖലയിൽ ജനവാസ പ്രദേശത്തേക്ക് ഒറ്റയാൻ ഇറങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ന് രാവിലെയോടെയാണ് ആനയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധിച്ചത്. ജനവാസ മേഖലയോട് ചേർന്ന് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലായി.
തുടർന്ന് വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ആനയെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ വനംവകുപ്പ് ശക്തമാക്കുകയും ചെയ്തു.

