Home Keralaപാലക്കാട് വീണ്ടും കാട്ടാന ആക്രമണം; രണ്ടിടങ്ങളിലായി 3 പേർക്ക് പരിക്ക്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; രണ്ടിടങ്ങളിലായി 3 പേർക്ക് പരിക്ക്

by news_desk1
0 comments

പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റവർ. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുള്ളി മേഖലയിൽ നടന്ന ആദ്യ ആക്രമണത്തിൽ ആദിവാസി യുവാവായ 30കാരൻ വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് ഗുരുതര പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

രണ്ടാമത്തെ സംഭവം അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു. രാവിലെ അഞ്ചരയോടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ കാട്ടാന ആക്രമിച്ചു. ഓട്ടോ മറിച്ചിട്ടാണ് ആക്രമണം നടത്തിയത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവർ പ്രസാദിനും പരിക്കേറ്റു.

അതേസമയം, വയനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനി ജെസി കൊല്ലപ്പെട്ടതിന് പിന്നാലെ, കഴിഞ്ഞ ദിവസം തിരുനെല്ലി കാട്ടിക്കുളത്ത് തോട്ടം തൊഴിലാളിയായ രാജുവും കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാൻ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാജു ആനയുടെ മുന്നിൽപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തത്. മണിക്കൂറുകൾക്ക് ശേഷം വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു. ഗുരുതരമായി പരിക്കേറ്റ രാജു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടർച്ചയായ കാട്ടാന ആക്രമണങ്ങളെ തുടർന്ന് വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാകുകയാണ്. രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാൾക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള ശുപാർശയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം

You may also like