ദില്ലി: ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗിനിയ ബിസൗയുടെ പതാകയുള്ള ‘എംടി ജൽവീർ’ എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കർ കപ്പലിലാണ് അപകടമുണ്ടായത്. എഞ്ചിൻ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കപ്പലിൽ നിന്ന് പുക ഉയർന്നതായാണ് വിവരം.
ഒമാനിലെ തുറമുഖ നഗരമായ സൊഹാറിൽ നിന്ന് 21 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ടാങ്കർ കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി ബ്രിട്ടീഷ് മാരിടൈം സർവൈലൻസ് ഏജൻസിയായ യുകെഎംടിഒ റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തെ തുടർന്ന് എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ച ഒമാൻ തീരത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കപ്പൽ അപകടമാണിത്. ഇതിന് മുമ്പുണ്ടായ മറ്റൊരു വിദേശ കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ ഐക്യരാഷ്ട്രസഭയിലും ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

