കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ജിപ്സം സീലിങ് ഇളകി വീണാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ യാത്രക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. തലയ്ക്ക് ചെറിയ മുറിവുകളാണ് ഉണ്ടായത്. പുലർച്ചെ സമയം ആയിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
2021-ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ പരിശോധനകളും പഠനങ്ങളും നടന്നിരുന്നു.
അതേസമയം, കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സീലിങും പൊട്ടി വീഴാനുള്ള അപകടാവസ്ഥയിലാണുള്ളത്. ഇതോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

