തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് വീണ വിട്ടുനിൽക്കാൻ അനുമതി തേടിയ സാഹചര്യത്തിലാണ് ഇഡി പുതിയ സമൻസ് നൽകിയത്. അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് സമർപ്പിക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല.
സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൻ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം. മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.

