Home Kerala16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

by news_desk1
0 comments

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്.

അമ്മ വീട്ടിലുണ്ടായിരുന്ന സമയങ്ങളിലും പീഡനം നടന്നിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സ്നേഹ മെർലിനും ലഹരി വിൽപ്പന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂർ ജയിലിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് വിവരം.

ഇതേ 16കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവും പോക്സോ കേസിൽ ജയിലിലാണെന്ന് പൊലീസ് അറിയിച്ചു. പിന്നീട് പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് സ്നേഹ മെർലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ സ്നേഹ മെർലിനെതിരായ പോക്സോ കേസുകളുടെ എണ്ണം നാലായി.

സംഭവസമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2025 മാർച്ച് 14-ന് 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു. ഒരു സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് നടന്ന കൗൺസിലിംഗിലാണ് ആ കേസിലെ പീഡനവിവരങ്ങൾ പുറത്തുവന്നത്.

സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ച ശേഷമാണ് പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ആ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇരയായ പെൺകുട്ടിയുടെ 15 വയസ്സുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. തുടർന്ന് ആ കേസിലും സ്നേഹ മെർലിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു.

തളിപ്പറമ്പ് കേസുകളുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ച് കയറ്റം തുടങ്ങിയ വകുപ്പുകളും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് സ്നേഹ മെർലിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ കേസുകളിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കുറഞ്ഞത് 20 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ഇരയുടെ മൊഴി, കൗൺസിലിംഗ് റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി നിലവിൽ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like