തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിശദമായ സർക്കുലർ പുറത്തിറക്കി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സൗജന്യ യാത്ര ചെയ്യുന്നവരുടെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജ് ഉണ്ടെങ്കിൽ അതിന് പ്രത്യേക ചാർജ് ഈടാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകം ടിക്കറ്റുകൾ നൽകണം. സൗജന്യയാത്ര ലഭിക്കാത്ത ബസുകളിൽ സ്ത്രീകൾ കയറുന്ന സാഹചര്യത്തിൽ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിക്കാവശ്യമായ ധനസമാഹരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുകയാണ്. ബാങ്കുകൾ മുഖേന പണം ലഭ്യമാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.
ഈ സംവിധാനം പ്രകാരം ഓരോ മാസത്തിന്റെയും തുടക്കത്തിൽ കെഎസ്ആർടിസിക്ക് ആവശ്യമായ തുക ലഭ്യമാക്കും. തുടർന്ന് മാസാവസാനത്തോടെ പലിശ ഉൾപ്പെടെയുള്ള തുക സർക്കാർ തിരിച്ചടയ്ക്കും. ഇത് സ്ഥിരം സംവിധാനമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
സൗജന്യയാത്ര പദ്ധതിക്കുള്ള തുക മാസാവസാനത്തിൽ നൽകാമെന്ന സർക്കാർ നിർദേശം കെഎസ്ആർടിസി നേരത്തെ തള്ളിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഔദ്യോഗിക ലോഗോയുടെ രൂപകൽപ്പനയും പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം ഉൾപ്പെടുത്തിയ ലോഗോയാണ് തയ്യാറാക്കുന്നത്. കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ആദ്യ ലോഗോ അംഗീകരിച്ചിരുന്നില്ല. തുടർന്ന് പുതിയ ഡിസൈൻ തയ്യാറാക്കാനുള്ള ചുമതല സി-ഡിറ്റിന് നൽകിയിരിക്കുകയാണ്.
ലോഗോ ഇന്ന് വൈകിട്ടോടെ അന്തിമരൂപം പ്രാപിക്കുമെന്നാണ് വിവരം. തിങ്കളാഴ്ചയ്ക്ക് മുമ്പായി സംസ്ഥാനത്തെ ബസുകളിൽ ലോഗോ പതിക്കും. ആകെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യയാത്രാ ആനുകൂല്യം ലഭ്യമാകുക.

