കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി.
സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് പി ഇന്ദിരയുടെ ആക്ഷേപം. ഉദ്ഘാടന ചടങ്ങിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തിയ അവഗണനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനം കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ നിർവഹിച്ചു. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേയർ പങ്കെടുത്തിരുന്നില്ല.
പരിപാടി ബഹിഷ്കരിച്ചതല്ലെന്നും, ക്ഷണം ലഭിക്കാത്തതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും പി ഇന്ദിര വ്യക്തമാക്കി. തനിക്ക് നേരെയുണ്ടായ അവഗണനയിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

