കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട്, സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.
കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാനമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ നിലവിലുണ്ടെന്നും സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന്, പാവപ്പെട്ടവര്‍ക്കല്ലേ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് കോടതി ചോദിക്കുകയും ഹര്‍ജി വിധി പറയാനായി മാറ്റുകയും ചെയ്തു.
ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുമെന്നും അത് താങ്ങാനാകാത്ത ഭാരമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നതുവരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

