Home Keralaനിപയും എം പോക്സും പടരുമ്പോൾ ഡി.എച്ച്.എസ് ആസ്ഥാനത്ത് ‘കസേരപ്പോര്‍’; നിർണായക പകർച്ചവ്യാധി യോഗങ്ങൾ മുടങ്ങി

നിപയും എം പോക്സും പടരുമ്പോൾ ഡി.എച്ച്.എസ് ആസ്ഥാനത്ത് ‘കസേരപ്പോര്‍’; നിർണായക പകർച്ചവ്യാധി യോഗങ്ങൾ മുടങ്ങി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നിപയും എം പോക്സും ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഡിഎച്ച്എസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിച്ചു. ഡിഎച്ച്എസ് ഓഫീസിൽ നടത്താനിരുന്ന നിർണായക പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ ഇന്ന് മുടങ്ങി.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹൈപവർ കമ്മിറ്റിയുടെ യോഗവും ഡിഎച്ച്എസ് ആസ്ഥാനത്ത് ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ യോഗം നടന്നില്ല. ഹൈപവർ കമ്മിറ്റി ചെയർമാനും യോഗത്തിൽ പങ്കെടുത്തില്ല.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ.ജെയെ മാറ്റിയ സർക്കാർ നടപടി ഇന്നലെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി.

അതേസമയം, പകരം ചുമതലയേറ്റ ഡോ. മീനാക്ഷി അതിന് മുമ്പേ ഓഫീസിൽ എത്തിയിരുന്നു. ട്രൈബ്യൂണൽ ഉത്തരവ് ഡോ. റീന ഹാജരാക്കിയെങ്കിലും സർക്കാർ പുതിയ ഉത്തരവിറക്കുന്നതുവരെ സ്ഥാനം ഒഴിയാനാകില്ലെന്ന നിലപാടാണ് ഡോ. മീനാക്ഷി സ്വീകരിച്ചത്.

ഇതോടെ ഇരുവരും ഓഫീസിൽ തുടരുകയും ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയും ചെയ്തു. ഡോ. റീന ഓഫീസ് സമയം മുഴുവൻ എതിർവശത്തെ കസേരയിൽ ഇരുന്നപ്പോൾ, ഡോ. മീനാക്ഷി ഔദ്യോഗിക കസേരയിൽ തുടരുകയായിരുന്നു.

ഇരുവരുടെയും നിലപാടുകൾ കാരണം ഡിഎച്ച്എസിൽ നടക്കേണ്ടിയിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ മുടങ്ങി. ഉച്ചയ്ക്കുശേഷവും ഇരുവരും മുഖാമുഖം ഓഫീസിൽ തുടർന്നു. ഓഫീസ് സമയം അവസാനിച്ച ശേഷമാണ് ഡോ. റീന ആസ്ഥാനം വിട്ടത്.

നിപ മുതൽ എം പോക്സ് വരെയുള്ള ആരോഗ്യ വെല്ലുവിളികൾ സംസ്ഥാനം നേരിടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിലെ ഈ ഭരണതല പ്രതിസന്ധി ആശങ്ക ഉയർത്തുകയാണ്.

You may also like