Home Top Storiesവീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; പ്രതിഷേധവുമായി എക്സൈസ് മന്ത്രി എം. ലിജു, മുഖ്യമന്ത്രിയെ കാണും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; പ്രതിഷേധവുമായി എക്സൈസ് മന്ത്രി എം. ലിജു, മുഖ്യമന്ത്രിയെ കാണും

by news_desk1
0 comments

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയാണ് തീരുമാനം എടുത്തതെന്ന സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ച നടക്കുന്നതിനിടെയാണ് വിഷയം കൂടുതൽ വിവാദമായിരിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് പ്രഖ്യാപനം സർക്കാരിനകത്തും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തത്തോടൊപ്പം ഈ വിഷയവും നിയമസഭയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി മാറും. ഈ രണ്ട് വിഷയങ്ങളിലും ശക്തമായ എതിർപ്പ് ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ച് രണ്ട് വിഷയങ്ങളിലും ആശങ്ക അറിയിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന തീരുമാനം എക്സൈസ് മന്ത്രി അറിയാതെയാണെന്ന വിമർശനവും ഉയർന്നിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം എതിർത്ത വിഷയമാണ് അധികാരത്തിലെത്തിയ ശേഷം ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും വിമർശനമുണ്ട്.

അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സംഘടനകളും മതനേതാക്കളും രംഗത്തെത്തി. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിൽ തീരുമാനം കടുത്ത ഭാഷയിൽ വിമർശിച്ചു. വീര്യം കുറഞ്ഞതെന്നും കൂടിയതെന്നും പറഞ്ഞ് മദ്യത്തെ തരംതിരിക്കുന്നത് യുക്തിരഹിതമാണെന്നും പുതിയ മദ്യനയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യത്തിന്റെ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഉൽപ്പന്നങ്ങളുടെയും വർധനവിന് കാരണമാകുമെന്നും വിമർശനം ഉയർന്നു. ഓപ്പറേഷൻ തൂഫാൻ പോലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മദ്യ വ്യാപനത്തിന് സർക്കാർ അവസരം ഒരുക്കുന്നതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെട്ടു.

സിറോ മലബാർ സഭ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും തീരുമാനത്തിനെതിരെ പ്രതികരിച്ചു. വീര്യം കുറഞ്ഞത് എന്ന പേരിൽ മദ്യം കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്നും ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ തെറ്റുകൾ ആവർത്തിക്കാതെ പുതിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like