മുംബൈ: ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായ താരക്കൈമാറ്റങ്ങളിലൊന്നിന് ഔദ്യോഗിക സ്ഥിരീകരണമായി. ലക്നൗ സൂപ്പർ ജയന്റ്സിന്റെ മുൻ നായകൻ റിഷഭ് പന്ത് തന്റെ പഴയ ടീമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. ഡൽഹിയുടെ പ്രധാന സ്പിന്നറായ കുൽദീപ് യാദവിനെ ലക്നൗവിലേക്ക് കൈമാറിക്കൊണ്ടാണ് ഈ മെഗാ ട്രേഡ് പൂർത്തിയായത്.
ഐപിഎൽ ഗവേണിങ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് കൈമാറ്റത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹിയിലേക്ക് മടങ്ങിവരുന്നതിനായി പ്രതിഫലത്തിൽ വലിയ കുറവ് സ്വീകരിച്ചാണ് പന്ത് പുതിയ കരാറിൽ ഒപ്പുവെച്ചത്.
രണ്ട് സീസണുകൾക്ക് മുൻപ് റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയിരുന്നത്. എന്നാൽ പുതിയ കരാർ പ്രകാരം ഡൽഹിയിൽ പന്തിന് ഒരു സീസണിൽ ലഭിക്കുക 15 കോടി രൂപ മാത്രമാണ്. ഇതോടെ പ്രതിഫലത്തിൽ 12 കോടി രൂപയുടെ കുറവാണ് സംഭവിക്കുന്നത്. അതേസമയം, 13.50 കോടി രൂപയുടെ കരാറിലാണ് കുൽദീപ് യാദവ് ലക്നൗ ടീമിലെത്തുന്നത്.
2025 ഐപിഎൽ സീസണിന് മുന്നോടിയായാണ് റിഷഭ് പന്ത് ലക്നൗവിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ടീമിനൊപ്പമുള്ള രണ്ട് സീസണുകളിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. 2025 സീസണിൽ 269 റൺസും 2026 സീസണിൽ 312 റൺസുമാണ് പന്തിന്റെ സമ്പാദ്യം. തുടർച്ചയായ നിരാശാജനക പ്രകടനത്തെ തുടർന്ന് 2026 സീസണിന് ശേഷം നായകസ്ഥാനം ഒഴിയുകയും ചെയ്തു.
ഓപ്പണറായും മധ്യനിര ബാറ്ററായും ഫിനിഷറായും വിവിധ സ്ഥാനങ്ങളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും മികച്ച സ്ഥിരത കണ്ടെത്താൻ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് ഐപിഎൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.

