ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോര പ്രദേശങ്ങളിലെ വീടുകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എംപിയും പങ്കെടുത്തു.
ദേശീയപാത നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് സമീപപ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാതയോരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഓട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കായംകുളത്ത് എലവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇതിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും എംപി വ്യക്തമാക്കി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി ചെയർമാനുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ കാലതാമസം വരുത്തരുതെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അനുവദിച്ച വിദ്യാഭ്യാസ വായ്പകളുടെയും കയർ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുവദിച്ച മുദ്ര വായ്പകളുടെയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ലീഡ് ബാങ്ക് മാനേജരോട് അദ്ദേഹം നിർദേശിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തി പരമാവധി ആളുകൾക്ക് തൊഴിൽ ഉറപ്പാക്കണമെന്നും പദ്ധതി നിർവഹണത്തിൽ പിന്നിൽ നിൽക്കുന്ന ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിക്ക് മുൻഗണന നൽകി സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെ എംപി ലാഡ്സ് പദ്ധതികളുടെ നിർവഹണം മന്ദഗതിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. ജില്ലയിലെ എംപി ലാഡ്സ് പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ചേർന്ന് പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാവേലിക്കരയിലെയും ചെങ്ങന്നൂരിലെയും ആശുപത്രികളിൽ നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ജില്ലയുടെ സമഗ്ര വികസനത്തിനായി ഫലപ്രദമായി ഉപയോഗിക്കപ്പെടേണ്ടതുണ്ടെന്നും പദ്ധതികൾക്കായി അനുവദിക്കുന്ന തുകകൾ കാര്യക്ഷമമായി വിനിയോഗിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്തണമെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ജില്ലാ കളക്ടർ ഷാജി വി. നായർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സി. ശ്രീലേഖ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

