Home Keralaപെനോയിൽ ഫാക്ടറിയുടെ മറവിൽ വൻ പാൻമസാല നിർമാണ കേന്ദ്രം; ഖുറൈസി എക്‌സ്‌പ്രസ് യൂണിറ്റ് ഉടമകൾ പിടിയിൽ

പെനോയിൽ ഫാക്ടറിയുടെ മറവിൽ വൻ പാൻമസാല നിർമാണ കേന്ദ്രം; ഖുറൈസി എക്‌സ്‌പ്രസ് യൂണിറ്റ് ഉടമകൾ പിടിയിൽ

by news_desk1
0 comments

കാസർകോട്: പെനോയിൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ നിരോധിത പാൻമസാല നിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസിനെയും മീപ്പുഗിരി സ്വദേശി ജാഫറിനെയും അറസ്റ്റ് ചെയ്തു. ഖത്തറിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ നിലയിലുണ്ടായിരുന്ന ‘കൂൾലിപ്’ ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളും നിർമാണ യന്ത്രസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു.

കാസർകോട് മയിലാട്ടി 220 കെ.വി. സബ് സ്റ്റേഷനു സമീപം ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിലായിരുന്നു യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ലഹരിമരുന്നിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി മേൽപ്പറമ്പ് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.

ഫാക്ടറിയിൽ നിന്ന് 25 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പാൻമസാല നിർമാണത്തിന് ഉപയോഗിച്ചിരുന്ന വൻ യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. ചാക്കുകളിൽ നിറച്ച നിലയിൽ ഏകദേശം 15,000 പാക്കറ്റ് ‘കൂൾലിപ്’ പാൻമസാല കണ്ടെത്തി. ഇവ ‘കോഴിക്കോട് – ഖത്തർ’ എന്ന വിലാസത്തിൽ വിദേശത്തേക്ക് കയറ്റി അയക്കാൻ തയ്യാറാക്കി വെച്ച നിലയിലായിരുന്നു. നിർമാണത്തിന് ഉപയോഗിച്ചിരുന്ന ജനറേറ്റർ, കംപ്രസർ, പാക്കിങ് മെഷീൻ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.

‘പെനോയിൽ ഉൽപ്പാദിപ്പിക്കുന്ന ഖുറൈസി എക്‌സ്‌പ്രസ് മാനുഫാക്ചറിങ് യൂണിറ്റ്’ എന്ന ബോർഡിന്റെ മറവിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നും ഈ മാസമാണ് പാൻമസാല നിർമാണം തുടങ്ങിയതെന്നും പൊലീസ് അറിയിച്ചു.

നാട്ടുകാർക്ക് സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രവർത്തനം. കെട്ടിടത്തിന് മുന്നിൽ നിരവധി പെനോയിൽ കുപ്പികൾ നിരത്തിവെച്ചിരുന്നു. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉൽപ്പാദനവും മുകളിലത്തെ നിലയിൽ പാക്കിങ്ങും തൊഴിലാളികളുടെ താമസസൗകര്യവുമാണ് ഒരുക്കിയിരുന്നത്. രാത്രികാലങ്ങളിൽ ഷട്ടറുകൾ പൂർണമായും അടച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചായിരുന്നു ലഹരി ഉൽപ്പന്ന നിർമാണം നടത്തിയിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, പ്രിൻസിപ്പൽ എസ്.ഐ. ടി. അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൊലീസ് എത്തുമ്പോൾ ആറ് ഇതര സംസ്ഥാന തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു. ജൂനിയർ എസ്.ഐ. ഷൈജു, എ.എസ്.ഐമാരായ മനു, ജയപ്രകാശ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

You may also like