ഫുട്ബോൾ ലോകത്ത് ആരാധകർ തങ്ങളുടെ പ്രിയതാരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പല വിചിത്രമായ വഴികളും സ്വീകരിക്കാറുണ്ട്—ടാറ്റൂ അടിക്കുക, വളർത്തുമൃഗങ്ങൾക്ക് താരങ്ങളുടെ പേരിടുക, പ്രിയതാരത്തെ 90 മിനിറ്റ് കാണാൻ മാത്രമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുക എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം. എന്നാൽ അർജന്റീന എന്ന ലാറ്റിനമേരിക്കൻ രാജ്യം ഇപ്പോൾ തങ്ങളുടെ പ്രിയ നായകൻ ലയണൽ മെസ്സിയുടെ 39-ാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ആദരവ് കായികലോകം ഇന്നേവരെ കാണാത്ത ഒന്നാണ്. ജൂൺ 24 ബുധനാഴ്ച മെസ്സി തന്റെ 39-ാം ജന്മദിനത്തിലേക്ക് കടക്കുമ്പോൾ, അർജന്റീനയിലുള്ള എല്ലാ ജനങ്ങളോടും അവർ ചെയ്യുന്ന ജോലികൾ നിർത്തിവെച്ച്, മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക സമയങ്ങളിൽ ഒരേ സ്വരത്തിൽ മെസ്സിക്ക് ജന്മദിനാശംസകൾ നേർന്ന് പാട്ടുപാടാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഫീസുകൾ, സ്കൂളുകൾ, കഫേകൾ, വീടുകൾ എന്നിങ്ങനെ രാജ്യം ഒട്ടാകെ ഒരേ നിമിഷത്തിൽ ഒരു ഫുട്ബോൾ താരത്തിനായി പാട്ടുപാടുന്ന ഈ അപൂർവ്വ നിമിഷം അർജന്റീനയ്ക്ക് മെസ്സിയോടുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
വർഷങ്ങളോളം ഒരു രാജ്യത്തിന്റെ മുഴുവൻ ലോകകപ്പ് മോഹങ്ങളുടെ ഭാരവും ചുമലിലേറ്റി നടന്ന താരമാണ് മെസ്സി. കരിയറിന്റെ തുടക്കത്തിൽ കടുത്ത വിമർശനങ്ങളും പരാജയങ്ങളും ഡീഗോ മറഡോണയുമായുള്ള താരതമ്യങ്ങളും മെസ്സിയെ വേട്ടയാടിയിരുന്നു. എന്നാൽ കോപ്പ അമേരിക്ക കിരീടനേട്ടത്തിന് പിന്നാലെ 2022 ഖത്തർ ലോകകപ്പിലും മുത്തമിട്ടതോടെ അർജന്റീനക്കാരുടെ മനസ്സിൽ മെസ്സി വെറുമൊരു കായികതാരത്തിനപ്പുറം അവരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറി. നിലവിൽ അമേരിക്കയിൽ നടക്കുന്ന 2026 ലോകകപ്പിലും അർജന്റീനയ്ക്കായി മെസ്സി തന്നെയാണ് വിസ്മയങ്ങൾ തീർക്കുന്നത്. അൾജീരിയയ്‌ക്കെതിരെ ഹാട്രിക്കും, തൊട്ടുപിന്നാലെ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും നേടി മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മറികടന്ന് 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി മെസ്സി മാറിക്കഴിഞ്ഞു. തന്റെ കരിയറിലെ ആറാം ലോകകപ്പിൽ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന മെസ്സിയുടെ ഓരോ മത്സരവും തങ്ങൾക്ക് അമൂല്യമാണെന്ന് അർജന്റീനക്കാർക്കറിയാം. അതിനാൽ തങ്ങൾക്ക് സമ്മാനിച്ച സമാനതകളില്ലാത്ത സന്തോഷ നിമിഷങ്ങൾക്ക് നന്ദി പറയാൻ ഈ അപൂർവ്വ ജന്മദിന ആദരവിലൂടെ ജനങ്ങൾ ഒന്നടങ്കം ഒത്തുചേരുകയാണ്.

