ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് ഒരേസമയം ആശ്വാസവും സസ്പെൻസും നിറഞ്ഞ വാർത്തകൾ പുറത്ത്. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തതായും ഇനിയുള്ള മത്സരങ്ങളിൽ കളിക്കാൻ സജ്ജനാണെന്നും ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. എന്നാൽ സ്കോട്ട്ലൻഡിനെതിരെയുള്ള നിർണായക മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ കോച്ച് സസ്പെൻസ് നിലനിർത്തി.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 34-കാരനായ നെയ്മർ ബ്രസീലിന്റെ ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ പരിക്കിനെ തുടർന്ന് മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരവും ഹെയ്തിക്കെതിരായ രണ്ടാം മത്സരവും താരത്തിന് നഷ്ടമായിരുന്നു. “നെയ്മർ പൂർണ്ണ ഫിറ്റാണ്, ടീമിനൊപ്പം കഠിനമായ പരിശീലനത്തിലുമാണ്. ഇനിയുള്ള മത്സരങ്ങൾക്ക് നെയ്മറുടെ സേവനം ലഭ്യമാണ് എന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റി ടീമിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം,” ചൊവ്വാഴ്ച വൈകി നടന്ന വാർത്താസമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞു.
മത്സരത്തിൽ നെയ്മറിന് എത്ര മിനിറ്റ് കളിക്കാൻ സാധിക്കും എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്റെ പതിവ് ശൈലിയിലുള്ള ഒരു തമാശ മറുപടിയാണ് ആഞ്ചലോട്ടി നൽകിയത്. “അദ്ദേഹത്തിന് വേണമെങ്കിൽ 90 മിനിറ്റും കളിക്കാം… പക്ഷെ നടന്നു തീർക്കേണ്ടി വരും,” ചിരിയോടെയുള്ള കോച്ചിന്റെ ഈ മറുപടി വാർത്താസമ്മേളനത്തിൽ ചിരി പടർത്തി. നെയ്മർ ആദ്യ ഇലവനിൽ കളിച്ചില്ലെങ്കിൽ പോലും ടീമിലെ യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും അനുഭവസമ്പത്തും വലിയ ആത്മവിശ്വാസം നൽകുമെന്നും കോച്ച് കൂട്ടിച്ചേർത്തു.
ബ്രസീൽ ക്യാമ്പിൽ ആശങ്കയും ആത്മവിശ്വാസവും
സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയാൽ ബ്രസീലിന് റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാം. എന്നാൽ മുന്നേറ്റ താരം റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയാണ്. സ്കോട്ട്ലൻഡിനെതിരെ റാഫിഞ്ഞ കളിക്കില്ലെന്ന് വ്യക്തമാക്കിയ കോച്ച്, പകരം ആര് ഇറങ്ങുമെന്നത് തന്ത്രപരമായ കാരണങ്ങളാൽ രഹസ്യമാക്കി വെച്ചു. ടൂർണമെന്റിൽ ബ്രസീലിന്റെ പ്രകടനം ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെടുന്നുണ്ടെന്ന് ആഞ്ചലോട്ടി അവകാശപ്പെട്ടു. ആദ്യ മത്സരം അത്ര മികച്ചതായിരുന്നില്ല, എന്നാൽ രണ്ടാമത്തേത് അതിലും നന്നായി. മൂന്നാം മത്സരത്തിൽ ടീമിന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സ്കോട്ട്ലൻഡ് എളുപ്പമാകില്ല
വില്യംസ് മക്ടോമിനെ, ജോൺ മക്ഗിൻ തുടങ്ങിയ പ്രീമിയർ ലീഗ് പരിചയസമ്പത്തുള്ള താരങ്ങളുമായി വരുന്ന സ്കോട്ട്ലൻഡിനെ ബ്രസീൽ ഒട്ടും കുറച്ചുകാണുന്നില്ല. അവരും നോക്കൗട്ട് ലക്ഷ്യമിട്ടാണ് വരുന്നത്. ലോകകപ്പിൽ ഇനി എളുപ്പമുള്ള മത്സരങ്ങൾ എന്നൊന്നില്ലെന്നും കടുത്ത പോരാട്ടത്തിന് തന്നെയാണ് ടീം തയ്യാറെടുക്കുന്നതെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ന്യൂജേഴ്സിയിൽ നിന്ന് മിയാമിയിലേക്കുള്ള ബ്രസീൽ ടീമിന്റെ ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് ആഞ്ചലോട്ടിയുടെ പത്രസമ്മേളനം നടന്നത്. എന്നാൽ ഇത്തരം ചെറിയ പ്രതിസന്ധികളൊന്നും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് വെറ്ററൻ കോച്ച് മടങ്ങിയത്.

