ന്യൂഡല്‍ഹി: എഫ്‌സിആര്‍എ (Foreign Contribution Regulation Act) ചട്ടങ്ങള്‍ കര്‍ശനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചു. ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നാണ് സഭകളുടെ വിമര്‍ശനം.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.
എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ ചട്ടഭേദഗതി നടപ്പാക്കിയത്. ദേവാലയങ്ങളുടെ നവീകരണം, വേദഗ്രന്ഥങ്ങളുടെ അച്ചടി തുടങ്ങിയ 105 വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ ഇനി വിദേശ ഫണ്ട് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് വിനിയോഗിക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മതപരിവര്‍ത്തനത്തിനായി വിദേശ ഫണ്ട് ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
കൂടാതെ, രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഉള്‍പ്പെടെ നിരവധി പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തെ ക്രൈസ്തവ സഭകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. വിഷയത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി അടിയന്തര യോഗം ചേര്‍ന്ന് പ്രഖ്യാപനങ്ങള്‍ നടത്താനാണ് തീരുമാനം. അടുത്ത ഞായറാഴ്ച ദേശീയ പ്രാര്‍ഥനാ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ സ്വത്തുക്കളെ ലക്ഷ്യമിട്ടുള്ള നടപടിയാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ചട്ടഭേദഗതിക്ക് പിന്നില്‍ പ്രത്യേക രാഷ്ട്രീയ അജണ്ടയുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

