11
തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്ന സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. മൂന്ന് തവണയാണ് ഡ്രോൺ ജയിലിന് മുകളിലൂടെ പറന്നത്. ഡ്രോൺ നിരോധിത മേഖലയായിട്ടും സംഭവം നടന്നത് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൊടുംകുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷാ ജയിലിന് മുകളിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പറപ്പിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സംഭവം റീൽ ചിത്രീകരണവുമായി ബന്ധപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

