Home Localലഹരി വിൽപന തടഞ്ഞ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ; കുന്നംകുളത്ത് പരാതി

ലഹരി വിൽപന തടഞ്ഞ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ; കുന്നംകുളത്ത് പരാതി

by news_desk1
0 comments

തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിനെ തുടർന്ന് അച്ഛനെ മകൻ ക്രൂരമായി മർദിച്ച സംഭവം തൃശൂരിലെ കുന്നംകുളത്ത്. കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

ശനിയാഴ്ച രാവിലെ ജോബി ലഹരി വിൽപന നടത്തുന്നതിനിടെ സൈമൺ എതിർത്തതോടെയാണ് മർദനമുണ്ടായത്. മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകനെതിരെ സൈമൺ കുന്നംകുളം പൊലീസിൽ പരാതി നൽകി.

ജോബി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് പതിവായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സൈമണിനെ മകൻ പലതവണ മർദിച്ചിട്ടുണ്ടെന്നും, പൊലീസ് നേരത്തെയും ജോബിക്ക് താക്കീത് നൽകിയിരുന്നുവെന്നും പ്രദേശവാസികൾ അറിയിച്ചു. കഴിഞ്ഞ ദിവസം 600 പാക്കറ്റ് ഹാൻസുമായി പിടിയിലായതുൾപ്പെടെ നിരവധി ലഹരി കേസുകളിൽ പ്രതിയാണ് ജോബിയെന്നും പൊലീസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

You may also like