പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് കുട്ടി മർദനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് കുട്ടിയെ വീട്ടിൽ നിന്ന് ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.
വണ്ടിത്താവളം കെയോട് പ്രദേശത്താണ് സംഭവം. വിറക് കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ പിതാവ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് സംശയിക്കുന്നതെന്നും മീനാക്ഷിപുരം പൊലീസ് അറിയിച്ചു.
കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി. എന്നാൽ പരാതിനൽകാൻ അമ്മയും കുട്ടിയും തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ ആരംഭിക്കുകയായിരുന്നു.
സമീപവാസികളാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്. ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തിൽ പൊലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

