Home Nationalഅത്താഴത്തിന് വിളിച്ചു വരുത്തി, വിവാഹാഭ്യർഥന നിരസിച്ചതോടെ യുവതിയെ നാട്ടുകാർക്ക് മുന്നിൽ കുത്തിക്കൊന്നു;

അത്താഴത്തിന് വിളിച്ചു വരുത്തി, വിവാഹാഭ്യർഥന നിരസിച്ചതോടെ യുവതിയെ നാട്ടുകാർക്ക് മുന്നിൽ കുത്തിക്കൊന്നു;

by news_desk1
0 comments

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മഹാലക്ഷ്മി ലേഔട്ടിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. 23-കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജീവിനെ പൊലീസ് പിടികൂടി.

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. നാല് വർഷമായി പ്രണയത്തിലായിരുന്ന അഞ്ജലിയെ അത്താഴം കഴിക്കാൻ ക്ഷണിച്ചുവരുത്തിയ ശേഷമാണ് പ്രതി ആക്രമിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയാണ് രാജീവ് അഞ്ജലിയുടെ കഴുത്തിൽ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ച മഹാലക്ഷ്മി ലേഔട്ട് പൊലീസ് സംഭവസ്ഥലത്തെത്തി സമീപത്ത് നിന്ന് തന്നെ രാജീവിനെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഒരുമിച്ച് ജോലി ചെയ്തിരുന്ന അഞ്ജലിയും രാജീവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. രാജീവ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അഞ്ജലിയുടെ വീട്ടുകാർക്ക് അതിൽ താത്പര്യമുണ്ടായിരുന്നില്ല. ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നതിനാലാണ് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ഇരുവരും ബന്ധം തുടർന്നു. എന്നാൽ അടുത്തിടെ അഞ്ജലി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് രാജീവ് മൊഴി നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള പൈപ്പ് ലൈൻ പ്രദേശത്തേക്ക് അത്താഴത്തിനായി അഞ്ജലിയെ വിളിച്ചുവരുത്തിയ രാജീവ് വീണ്ടും വിവാഹാഭ്യർഥന നടത്തി. അഞ്ജലി അത് നിരസിച്ചതോടെ വാക്കേറ്റമുണ്ടാകുകയും, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജീവ് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

You may also like