തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് പിന്നാലെ ബിജെപി-യുഡിഎഫ് അംഗങ്ങൾ തമ്മിൽ സംഘർഷം. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം. തുടർന്ന് പ്രതിഷേധം ശക്തമായതോടെ ബിജെപി, എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ പരസ്പരം മുദ്രാവാക്യം വിളിക്കുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു.
ഹാജർ രജിസ്റ്റർ കൈവശപ്പെടുത്താൻ ബിജെപി, എൽഡിഎഫ് കൗൺസിലർമാരും യുഡിഎഫ് അംഗങ്ങളും തമ്മിൽ പിടിവലിയുണ്ടായി. രജിസ്റ്റർ കീറാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ആർ. സുഗതൻ ഇന്നത്തെ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടിട്ടില്ലെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി രണ്ട് കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത സാഹചര്യം ഒഴിവാക്കാനാണ് ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചതെന്ന് യുഡിഎഫ് വിശദീകരിച്ചു. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്ത പക്ഷം അംഗത്വം അയോഗ്യമാകുമെന്നാണ് ചട്ടം.
അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് ഗുരുതര ആരോപണവും ഉന്നയിച്ചു. വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നും കൗൺസിൽ മിനിറ്റ്സ് രേഖകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നുമാണ് പരാതി. ചെമ്പഴന്തി ഉദയൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്.

