Home National36 ദിവസത്തിനകം വിചാരണ പൂർത്തിയായി; മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 65-കാരന് വധശിക്ഷ

36 ദിവസത്തിനകം വിചാരണ പൂർത്തിയായി; മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 65-കാരന് വധശിക്ഷ

by news_desk1
0 comments

മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ മൂന്നരവയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. നസ്രാപുരിൽ മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 65-കാരനായ ഭീംറാവു പ്രഭാകർ കാംബ്ലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സലൂംഗെയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ജൂൺ 25-ന് കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാന നീതിന്യായ ചരിത്രത്തിൽ അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസുകളിലൊന്നായാണ് നസ്രാപുരിലെ ബലാത്സംഗക്കൊല കേസ് വിലയിരുത്തപ്പെടുന്നത്. 2026 മേയ് ഒന്നിനാണ് 65-കാരനായ പ്രതി മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി പൂണെ റൂറൽ പൊലീസ് എസ്.പി. സന്ദീപ് സിങ് ഗില്ലിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഇൻസ്പെക്ടർ വിജയ്മാലാ പവാറായിരുന്നു അന്വേഷണസംഘത്തിന്റെ മേധാവി. സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

1,200 പേജുകളുള്ള കുറ്റപത്രത്തിൽ 55 സാക്ഷിമൊഴികൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, വൈദ്യപരിശോധന ഫലങ്ങൾ, ഫൊറൻസിക് റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മേയ് 21-ന് പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. തുടർന്ന് വെറും 36 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ജൂൺ 25-ന് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ജൂൺ 29-നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

You may also like