Home Keralaസംസ്ഥാനത്ത് നികുതി വെട്ടിപ്പിന് കടുത്ത നിയന്ത്രണം; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ, ‘ടാക്സ് ഡ്രൈവ്’ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നികുതി വെട്ടിപ്പിന് കടുത്ത നിയന്ത്രണം; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ, ‘ടാക്സ് ഡ്രൈവ്’ പ്രഖ്യാപിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഘടന പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി “ടാക്സ് ഡ്രൈവ്” നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആരും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിൽക്കുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും നികുതി തട്ടിപ്പ് നടത്തുന്ന കള്ളക്കച്ചവടക്കാരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫ് പദ്ധതിയെ തകർക്കാനല്ലെന്നും ബജറ്റിൽ സ്വകാര്യവത്കരണത്തെക്കുറിച്ച് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎംഎംഎല്ലിലെ ധാതുമേഖലയിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) നീക്കം ആരംഭിച്ചത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 267-ാമത് കെഎംഎംഎൽ ഡയറക്ടർ ബോർഡ് യോഗത്തിൽ, സർക്കാർ അധികാരത്തിൽ നിന്ന് മാറുന്നതിന് തൊട്ടുമുമ്പാണ് തീരുമാനങ്ങൾ എടുത്തതെന്നും പിന്നീട് അതിന്റെ ഉത്തരവാദിത്തം യുഡിഎഫിന് മേൽ ചുമത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മിനറൽ കോറിഡോർ പദ്ധതി സ്വകാര്യവത്കരണമല്ലെന്നും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനം എടുത്തത് മുൻ സർക്കാരാണെന്നും 2026 ഫെബ്രുവരി 25-ന് ചേർന്ന കെഎംഎംഎൽ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വർക്ക് ഓർഡർ നൽകാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് അവതരിപ്പിച്ച ശേഷം സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബജറ്റിൽ സ്വകാര്യവത്കരണത്തെക്കുറിച്ച് ഒരു വാചകം പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അതേ വിഷയത്തിൽ അവരുടെ സർക്കാരിന്റെ തീരുമാനങ്ങളും പരിശോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം തെറ്റ് സമ്മതിച്ചാൽ അത് തിരുത്താൻ സർക്കാർ തയ്യാറാണെന്നും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like